സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനം; നടപടി പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.

ഇപ്പോഴത്തെ ബിജെപി നേതാവ് എ.പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുമുണ്ട്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News