സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക്, ഉമ്മൻ ചാണ്ടിയടക്കം ആരോപണ വിധേയർ
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നു. സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.
കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ ഇറക്കും. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള നീക്കം. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയും ഇത് ആരോപണങ്ങൾക്ക് കുന്തമുനയാക്കും. സർക്കാർ എന്നാൽ ഈ കേസ് മുൻനിർത്തി പ്രതിപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കുമെന്നും ഉറപ്പാണ്.
സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും അടക്കം കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുയർത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സോളാർ മുൻനിർത്തി ആരോപണം കടുപ്പിച്ചാൽ തിരികെ എന്താകും എൽഡിഎഫിന്‍റെ പ്രതിരോധം എന്നതാണ് ഇനി കണ്ടറിയേണ്ടത്.