റഫീഖ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായത് പോലീസ് സാന്നിധ്യത്തില്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍ഗോഡ്: നഗരത്തില്‍ ഇന്നലെ നടന്ന ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊല്ലപ്പെട്ട റഫീഖ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായത് പോലീസ് സാന്നിധ്യത്തിലെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. റഫീഖിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ആശുപത്രിയുടെ പരിസരത്തേക്ക് ആള്‍ക്കൂട്ടം തള്ളിക്കൊണ്ടു വരുന്നതിന്റെ കൂട്ടത്തിലാണ് രണ്ടു പോലീസുകാരുള്ളത്.

ഇന്നലെ ഉച്ചയോടെയാണ് ചെമ്മാട് സ്വദേശിയായ റഫീഖ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ യുവതിയെയാണ് ഇയാള്‍ ശല്യപ്പെടുത്തി പറയിപ്പെടുന്നത്.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് റഫീഖ് ഇറങ്ങിയോടി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ ഓടി കുഴഞ്ഞുവീഴുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് റഫീഖിനെ പിടിച്ചുതള്ളുന്ന ചിലരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരിച്ചയാളുടെ ബന്ധുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ പരാതിയില്‍ മരിച്ചയാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News