തിരുവനന്തപുരം:സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി. 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. നേരത്തെ തന്നെ പരാതിക്കാരി തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകൾ നൽകിയിരുന്നില്ല
കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റൽ തെളിവുകൾ കൈമാറിയിരിക്കുന്നത്. ക്രൂര പീഡനത്തിന് ശേഷം അവശയായ പരാതിക്കാരി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.
യുവതിയുടെ പരാതിയിൽകെ സി വേണുഗോപാൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് ഉൾപ്പെടെ അഞ്ചു പേർക്ക് എതിരെയാണ് സിബിഐ പീഡന കേസ് രജിസ്റ്റർ ചെയ്തത്.
പീഡന പരാതിയിൽ നാലു വർഷത്തോളം കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആർക്കെതിരെയും തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് കേസ് സി ബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സർക്കാരിനെ സമീപിച്ചത്. കേസിന്‍റെ വിശദാംശങ്ങൾ പരാതിക്കാരി സി ബി ഐയുടെ ഡൽഹി ആസ്ഥാനത്തെത്തിയും കൈമാറിയിരുന്നു.
2012 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി മൊഴിനൽകിയത്. എന്നാൽ സംസ്ഥാനസർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. ക്ലിഫ് ഹൗസിൽ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടും അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ചിരുന്നു. പീഡനക്കേസ് സി ബി ഐയ്ക്ക് വിട്ട സർക്കാരിനെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ഈ റിപ്പോർട്ട്.