കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളിയായിരുന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കൊവിഡിന് കീഴടങ്ങി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ച ഡിവൈഎഫ്‌ഐ നേതാവ് കൊവിഡ് 19 ബാധിച്ച് മരിച്ചു. ഡിവൈഎഫ്‌ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആര്‍ ആശ (26)യാണ് മരിച്ചത്. കൊവിഡിന്റെ ആദ്യഘട്ടംമുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായിരുന്നു. എസ്എഫ്‌ഐ ലോക്കല്‍ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആര്‍ആര്‍ടി അംഗവുമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ അണുവിമുക്തമാക്കാന്‍ നേതൃത്വം നല്‍കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്മിക വേര്‍പാട് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.

തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

റസല്‍പുരം തലയല്‍ വില്ലിക്കുളം മേലേ തട്ട് പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍ -ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആര്‍ഷ എന്നിവര്‍ സഹോദരങ്ങള്‍. പാറശാല സ്വകാര്യ ലോ കോളജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കൊവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News