ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൽനിന്ന് വൻ തിരിച്ചടിയേറ്റ ബി.ജെ.പി. നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്.
ഡൽഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് പ്രവർത്തനം തുടങ്ങിയത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരേ ശക്തമായ പോർമുഖം തീർക്കുകയെന്നതാണ് ദൗത്യമെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു.
അമേഠിയിലെ തോൽവിക്കുശേഷം കുറച്ചുകാലം നിശ്ശബ്ദമായിരുന്ന സ്മൃതി ദക്ഷിണ ഡൽഹിയിൽ പുതിയ വീടെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ബി.ജെ.പി. അംഗത്വപ്രചാരണത്തിൽ അവർ സജീവമായി പങ്കെടുക്കുന്നുണ്ട്. ഡൽഹിയിൽ 14 ജില്ലകളിൽ ഏഴിടത്ത് സ്മൃതിയുടെ മേൽനോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി.ക്കെതിരേ കരുത്തുറ്റ നേതാവിനെ ഉയർത്തിക്കാട്ടി മത്സരത്തിനിറങ്ങണമെന്ന് പാർട്ടിയിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. 2020-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി മത്സരിച്ചത്. 70-ൽ എട്ടുസീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ബാക്കിയുള്ളത് മുഴുവൻ എ.എ.പി സ്വന്തമാക്കി.
നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പു നേരിടാൻ തീരുമാനമായാൽ എം.പി.മാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ, പശ്ചിമഡൽഹി മുൻ എം.പി. പർവേഷ് വർമ തുടങ്ങിയ നേതാക്കൾ പരിഗണനയിലെത്താനിടയുണ്ട്. അവർക്കൊപ്പം സ്മൃതി ഇറാനി മുൻനിരയിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഈ വിഷയം വരുംദിവസങ്ങളിൽ ബി.ജെ.പിയിൽ ചർച്ചയാകാനാണ് സാധ്യത.
2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിരൺബേദിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി മത്സരിപ്പിച്ചിരുന്നെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഏതെങ്കിലും വ്യക്തിക്കുകീഴിൽ തിരഞ്ഞെടുപ്പു നേരിടുന്നതിനെ എതിർക്കുന്നവർ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ഹരിയാണ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമൊപ്പം സ്മൃതി ഇറാനിയും ഉൾപ്പെട്ടിട്ടുണ്ട്.