കാണ്‍പൂര്‍: കാണ്‍പൂരില്‍ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാര്‍ക്ക് ഇടയിലേക്കു പാഞ്ഞുകയറി ആറു പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. ടാറ്റ് മില്‍ ക്രോസ്‌റോഡിനു സമീപമാണ് സംഭവം.അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ടു നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്നു കാറുകളും നിരവധി ബൈക്കുകളും തകര്‍ന്നു.
തുടര്‍ന്നു ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ഒരു ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് നിന്നത്. സംഭവത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് ഈസ്റ്റ് കാണ്‍പൂര്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു.
കാണ്‍പൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ വാര്‍ത്തയില്‍ അഗാധമായ ദുഃഖമുണ്ട്. ഈ സംഭവത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ- രാഷ്ട്രപതി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു.