KeralaNews

കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതിനു പിന്നാലെ മകള്‍ മരിച്ചു; വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മമേകാന്‍ സാബുവും ജീനും!

കൊച്ചി: ‘ഞങ്ങളുടെ പൊന്നുമോളെ ദൈവം കൊണ്ടുപോയി. ഞങ്ങള്‍ക്കൊരു കുഞ്ഞു വേണം. സര്‍ക്കാരും നിയമവുമൊക്കെ ആ ആഗ്രഹത്തിനു എതിരായി നിന്നാല്‍ നീതി തേടി ഞങ്ങള്‍ എങ്ങോട്ടു പോകും?” ഇത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനു പിന്നാലെ മകള്‍ മരിച്ച ദുഃഖം മാറാത്ത സാബു തോമസ് എന്ന അച്ഛന്റെയും ജീന്‍ ജോര്‍ജ് എന്ന അമ്മയുടേയും വാക്കുകളാണ്. പൊന്നുമോളുടെ ചിത്രത്തിനുമുന്നില്‍ നിന്നാണ് അവര്‍ തങ്ങളുടെ സങ്കടം പറഞ്ഞത്.

പത്തനംതിട്ട സ്വദേശികളായ സാബു തോമസും (53) ജീന്‍ ജോര്‍ജുമാണ് (48) വാടക ഗര്‍ഭപാത്രത്തിലൂടെ വീണ്ടുമൊരു അച്ഛനും അമ്മയും ആകാന്‍ ആഗ്രഹിക്കുന്നത്. ഇവരുടെ മകള്‍ നോവ സാബു(20)വാണ് ഓഗസ്റ്റില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിനു പിന്നാലെ മരണപ്പെട്ടത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതാണ് മരണത്തിലേയ്ക്ക് കാരണമായത്. വാക്സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലമാണ് നോവയുടെ മരണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ നല്‍കിയിരുന്നു.

രക്താര്‍ബുദം ബാധിച്ചതിനാല്‍ ജീനിനു ഇനിയൊരു ഗര്‍ഭധാരണം സാധ്യമാകില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് വാടക ഗര്‍ഭപാത്രത്തിനായി അന്വേഷിച്ചത്. അതിനായി എറണാകുളം ചേരാനല്ലൂരിലെ സൈമര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണു വാടക ഗര്‍ഭധാരണത്തിനുള്ള പുതിയ നിയമത്തെക്കുറിച്ച് അറിയുന്നത്. അതനുസരിച്ചു സാമ്പത്തിക നേട്ടമില്ലാതെ സ്വയം തയ്യാറായി വരുന്ന ഒരു സ്ത്രീക്കു മാത്രമേ വാടകയ്ക്കു ഗര്‍ഭപാത്രം നല്‍കാന്‍ കഴിയൂ.

വാടകഗര്‍ഭപാത്രത്തിലൂടെ മാതാപിതാക്കളാകാന്‍ ശ്രമിക്കുന്ന പുരുഷന്റെ പരമാവധി പ്രായം 55-ഉം സ്ത്രീയുടേത് 50-ഉം ആയി പുനര്‍നിശ്ചയിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡു രൂപവത്കരണം പോലെയുള്ള പല നടപടികളും ആവശ്യമായതിനാല്‍ നിയമം പ്രാബല്യത്തിലാകാന്‍ വൈകുമെന്നും അതുവരെ സാധ്യമാകില്ലെന്നും ഡോ. പരശുറാം ഗോപിനാഥ് അറിയിച്ചു. ഇതോടെ നിരാശരായിരിക്കുകയാണ് ഇവര്‍. നിയമം വരാന്‍ കാലതാമസമെടുത്താല്‍ തങ്ങളുടെ പ്രായം കഴിഞ്ഞുപോകുമെന്ന ആശങ്കയിലാണ് സാബുവും ജീനും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker