13 വയസുകാരിക്ക് 35കാരന്‍ വരന്‍! മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തു

ശ്രീനഗര്‍: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ 35വയസ്സുള്ള വ്യക്തിക്ക് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു. ഉദ്ധംപൂര്‍ ജില്ലയിലെ രാംനഗര്‍ ഏരിയയിലാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

കട്വാള്‍ട്ട് ഗ്രാമത്തിലെ സാര്‍പാഞ്ചില്‍ നിന്നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ 35 വയസ്സുളള വ്യക്തിക്ക് നിര്‍ബന്ധിതമായി വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി വിവരം ലഭിക്കുന്നത്. പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി റെയ്ഡ് നടത്തി. പെണ്‍കുട്ടിക്ക് 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്ന് അവിടെ നിന്നും ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ നിന്നു വ്യക്തമായി. ഉദ്ധംപൂര്‍ എസ്എസ്പി സര്‍ഗുണ്‍ ശുക്ല വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, അയാളുടെ മാതാപിതാക്കള്‍ എന്നിവരെ ഉടന്‍തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് രാംനഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News