ചെന്നൈ: ചെന്നൈ തുറമുഖത്ത് നിന്ന് 5000-ത്തിലേറെ ലാപ്ടോപ് അടങ്ങിയ കണ്ടെയ്നർ മോഷ്ടിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ചൈനയിൽ നിന്നെത്തിച്ച കണ്ടയ്നറാണ് തുറമുഖത്ത് ജോലിചെയ്തിരുന്ന ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം മോഷ്ടിച്ചത്. തുറമുഖത്തെ ജോലിക്കാരനായ ഇളവരശനും സംഘവുമാണ് മോഷണം നടത്തിയത്. കണ്ടയ്നറുകൾ കൈകാര്യം ചെയ്യുന്ന ചെന്നൈ ഇന്റർനാഷണൽ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനാണ് ഇളവരശൻ. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് ഇവർ മോഷണം നടത്തിയത്.
സെപ്റ്റംബർ ഏഴിന് തുറമുഖത്തിറക്കിയ കണ്ടെയ്നറിൽ 35 കോടിരൂപ വിലമതിക്കുന്ന 5230 ലാപ്ടോപ്പുകളാണ് ഉണ്ടായിരുന്നത്. 11ന് ചരക്ക് കൈമാറ്റ കമ്പനിയുടെ ട്രെയ്‌ലർ ലാപ്‌ടോപ്പുകൾ അടങ്ങിയ കണ്ടെയ്‌നർ യാർഡിൽ നിന്ന് എടുക്കാൻ വന്നപ്പോഴാണ് കണ്ടെയ്‌നർ കാണാതായതായി കണ്ടെത്തിയത്. ഈ കണ്ടെയ്നർ സംഘം തട്ടിയെടുത്തു. ലാപ്ടോപ്പുകൾ രണ്ട് ട്രെയിലറുകളിലായി ബെംഗളൂരുവിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടുയത്.
5,207 ലാപ്ടോപ്പുകൾ കണ്ടെടുത്തു. ഇളവരശൻ കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ്റെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി തുറമുഖത്ത് നിന്ന് കണ്ടെയ്‌നർ പുറത്തുകടക്കാൻ സൗകര്യമൊരുക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെയ്‌നർ തിരുവള്ളൂർ ജില്ലയിലെ മണവാളൻ നഗറിലേക്ക് കൊണ്ടുപോയതായി പൊലീസ് കണ്ടെത്തി.
ദിണ്ഡിഗലിലെ ടി മുത്തുരാജ് (46), തിരുവൊട്ടിയൂരിലെ കെ രാജേഷ് (39), എൻ നെപ്പോളിയൻ (46), എ ശിവബാലൻ (44) തിരുവള്ളൂർ സ്വദേശികളായ എസ് പാൽരാജ് (31), ജി മണികണ്ഠൻ (31) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, മുഖ്യപ്രതിയായ ഇളവരശന്‍ ഇപ്പോഴും ഒളിവിലാണ്. ഡെൽ കമ്പനിയുടെ ലാപ്ടോപ്പാണ് മോഷ്ടിച്ചത്.