32.8 C
Kottayam
Saturday, April 20, 2024

ഷിൻഡെയെ കടത്തിവെട്ടി,മുംബൈ ശിവാജി പാർക്കിൽ വെടിക്കെട്ട് ഉദ്ദവ് താക്കറെ വിഭാ​ഗത്തിന്

Must read

മുംബൈ:  ദസറ റാലി മുംബൈ ശിവാജി പാർക്കിൽ നടത്താനുള്ള ഉദ്ദവ് താക്കറെ വിഭാ​ഗത്തിന്റെ നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് പച്ചക്കൊടി. ശിവസേന അധികാരത്തർക്കം സംബന്ധിച്ച് തീരുമാനമാകും വരെ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കരുതെന്ന ഏക്നാഥ് ഷിൻഡെ വിഭാ​ഗത്തിന്റെ ആവശ്യം കോടതി തള്ളി. 

ശിവാജി പാർക്കിൽ ദസറ റാലി നടത്താനുള്ള ഇരുവിഭാ​ഗത്തിന്റെയും നീക്കത്തിന് ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് താക്കറെ വിഭാ​ഗം കോടതിയെ സമീപിച്ചത്. ഇരുവിഭാ​ഗവും ഒന്നിച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലിക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്. രണ്ടിലൊരു വിഭാ​ഗത്തിന് അനുമതി നൽകിയാലും പ്രശ്നം ഉണ്ടാകുമെന്നും കോർപ്പറേഷൻ വിലയിരുത്തിയിരുന്നു. എന്നാൽ, കോർപ്പറേഷന്റെ ഉത്തരവ് നിയമത്തെ ദുരുപയോ​ഗം ചെയ്യലാണെന്ന് കോടതി പറഞ്ഞു. 

ഈ ആവശ്യത്തിന്റെ മറവിൽ താക്കറെ വിഭാ​ഗം പാർട്ടിയിലുള്ള അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണെന്ന് ഷിൻഡെ വിഭാ​ഗം ആരോപിച്ചു. കോടതി വിധിയെ സ്വാ​ഗതം ചെയ്ത താക്കറെ വിഭാ​ഗം ജുഡീഷ്യൽ സംവിധാനത്തിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ചു. ഇക്കുറി ദസറ റാലി വിപുലമായി നടത്തുമെന്നും താക്കറെ വിഭാ​ഗം വക്താവ് മനീഷ കയാന്തെ പറഞ്ഞു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാ​ഗത്തിന് ബാന്ദ്ര കുർള കോംപ്ലക്സ് ​ഗ്രൗണ്ടിലാണ് ദസറ റാലി നടത്താൻ അനുമതി. 

56 വർഷമായി ശിവാജി പാർക്കിൽ റാലി നടന്നുവരുന്നതാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം അത് മുടങ്ങി.  ഉദ്ദവിന്റെ പിതാവും പാർട്ടി സ്ഥാപകനുമായ ബാൽ താക്കറെയുടെ തീപ്പൊരി പ്രസം​ഗങ്ങൾക്ക് വേദിയായ സ്ഥലമാണ് ശിവാജി പാർക്ക്. അതേസ‌മയം, ഷിൻഡെ വിഭാ​ഗം അവകാശപ്പെടുന്നത് അവരാണ് യ‌ഥാർത്ഥ ശിവസേനയെന്നാണ്. ഹിന്ദുത്വയും മറാഠി സ്വാഭിമാനവും ഉയർത്തിപ്പിടിക്കുന്ന, ബാൽതാക്കറെയുടെ യഥാർത്ഥ പാർട്ടി പിൻ​ഗാമികൾ തങ്ങളാണെന്നാണ് അവർ അവകാശപ്പെടുന്നത്. പാർട്ടി പിളർപ്പിനു ശേഷമെത്തുന്ന ആദ്യ ദസറയെന്ന നിലയിൽ ഇക്കുറി ഏറെ പ്രത്യേകതയുണ്ട്. ശിവസേന പിളർത്തി ബിജെപിക്കൊപ്പം ഭരണം നടത്തുകയാണ് ഏക്നാഥ് ഷിൻഡെ വിഭാ​ഗം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week