ബംഗളൂരു: സഹോദരിമാര്‍ 17 ദിവസത്തെ ഇടവേളകളില്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ചനിലയില്‍. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. ഹാസനിലെ സക്ലേശ്പുര്‍ താലൂക്കിലാണ് സംഭവം. സ്ത്രീധനത്തിനായുള്ള ഭര്‍ത്തൃവീട്ടുകാരുടെ പീഡനം കാരണമാണ് മക്കള്‍ മരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ജൂണ്‍ 8നും 25-നുമായിരുന്നു ഇവരുടെ മരണം. രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുമകുരു നഗരത്തിലെ സരസ്വതിപുരം നിവാസിയായ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ നാഗരാജുവിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. കഗിഗ്ഗെരി നിവാസി ഉമേഷാണ് സൗന്ദര്യയുടെ ഭര്‍ത്താവ്.
ഹാസന്‍ വനിതാ ഫസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ കോളേജില്‍ ജേണലിസം വിദ്യാര്‍ഥിനിയായ സൗന്ദര്യയ്ക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സൗന്ദര്യയുടെയും ഭര്‍ത്താവിന്റെയും ജാതി വ്യത്യസ്തമായതിനാല്‍ മകളെ ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും, അതിനാല്‍ ഭര്‍ത്തൃവീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നും ഉദയ് ആരോപിക്കുന്നു.
സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്തൃവീട്ടുകാര്‍ ഐശ്വര്യയെയും സൗന്ദര്യയെയും പീഡിപ്പിച്ചിരുന്നെന്ന് ആരോപിച്ച് ഉദയ് പോലീസില്‍ പരാതി നല്‍കി. നാലു പെണ്‍മക്കളാണ് ഉദയ്ക്കുള്ളത്.