NationalNewsNews

സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ഡ്രോണുകള്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ന്യൂഡൽഹി: ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളിൽ ഞായറാഴ്ച രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകളെ പ്രവർത്തനരഹിതമാക്കാൻ സൈനികർ അവയ്ക്ക് നേരെ വെടിയുതിർത്തു.

ജമ്മു-പത്താൻകോട്ട് ദേശീയപാതയിൽ കാലൂചക്-പുർമണ്ഡൽ റോഡിൽ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ട് ക്വാഡ്കോപ്ടറുകൾ ശ്രദ്ധയിൽ പെട്ടതായി പോലീസ് അറിയിച്ചു. ഡ്രോണുകൾക്ക് നേരെ സൈനികോദ്യോഗസ്ഥർ 20-25 റൗണ്ട് വെടിയുതിർത്തു. എന്നാൽ ഡ്രോണുകൾ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം.

ഇതേ തുടർന്ന് ജമ്മുവിൽ, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഡ്രോണുപയോഗിച്ച് ഭീകരർ സ്ഫോടനം നടത്തിയിരുന്നു. പുൽവാമയിലെ ഒരു എസ്പിഒ ഉദ്യോഗസ്ഥനും ഭാര്യയും, മകളും ഭീകരരുടെ വെടിവെപ്പിൽ മരിക്കുകയും ചെയ്തു.

അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ആക്രമണത്തിനെത്തിയെന്നാണ് വിവരം. വെടിയേറ്റ കുടുംബത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും അതിനായി ​ഗ്രാമീണരെ ഒപ്പം നിർത്താനും ഒക്കെയാണ് കശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. രണ്ട് ആക്രമണങ്ങളുണ്ടായത് ശ്രീന​ഗറിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker