കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവം; എസ് ഐയ്ക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂം ഗ്രേഡ് എസ് ഐ എം സി രാജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
മാസ്‌ക് വയ്ക്കാത്തതിന് പരാതിക്കാരനായ അജികുമാറിനെതിരെയും നടപടി. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച വന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്പയാണ് രാജുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നടപടി എടുത്തത്.
അതേസമയം മാസ്ക് വെച്ചില്ല എന്ന് ആരോപിച്ച് പരാതിക്കാരനായ അജികുമാറിനെതിരെയും പൊലീസ് നടപടി എടുത്തു. ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാര്യയുടെ ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജില്‍ കൂട്ടിരുപ്പുകാരനായി കഴിയുകയായിരുന്നു അജികുമാര്‍. ഗൈനക്കോളജി വിഭാഗത്തിന് മുന്‍വശം നില്‍ക്കുന്നതിനിടെ പൊലീസ് എത്തി അതിക്രമം കാണിച്ചു എന്നാണ് അജി കുമാര്‍ പരാതിപ്പെടുന്നത്.അവിടെ കാത്തുനിന്നിരുന്ന ദൃക്സാക്ഷികളും അജികുമാര്‍ പറഞ്ഞ വാദം അംഗീകരിക്കുകയായിരുന്നു.
കൂടാതെ, പൊലീസ് സ്റ്റേഷനില്‍ നിന്ന് പോകുന്ന സമയത്ത് അജി കുമാര്‍ നടന്നാണ് പോയതെന്ന് സി.സി.ടി.വി. പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായും പൊലീസ് പറയുന്നു. ഇക്കാര്യം പരുക്കേറ്റ അജികുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രി വരെ നടന്നെത്തിയ ശേഷം കാലിന് വേദന കൂടിയതോടെയാണ് മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ തേടിയത് എന്നായിരുന്നു അജികുമാര്‍ വ്യക്തമാക്കിയത്. അവിടെ നടന്ന എക്സ്-റേ പരിശോധനയിലാണ് കാലിന് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയത്.