26.8 C
Kottayam
Monday, April 29, 2024

ആഢംബര വിവാഹത്തിന് പൊലീസ് കാവൽ ; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

Must read

കണ്ണൂര്‍: കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയിൽ പെടുത്താതെ സോഫ്റ്റ് വെയറിൽ പ്രവേശിച്ച് കമ്പ്യൂട്ടർ വഴി ഒപ്പ് ജനറേറ്റ് ചെയ്യിച്ചതിനാണ് നോട്ടീസ്. പൊലീസുകാരെ അന്തസ്സിന് യോജിക്കാത്ത ജോലിക്ക് നിയോഗിച്ചത് തന്‍റെ അറിവോടെ അല്ലെന്നും അപേക്ഷകനെ മുൻപരിചയമില്ലെന്നും  അഡീഷണൽ എസ് പി സദാനന്ദൻ അറിയിച്ചു.

കണ്ണൂർ പാനൂരിൽ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ ആർ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നൽകിയ കണ്ണൂർ അഡീഷണൽ സൂപ്രണ്ടിന്‍റെ ഉത്തരവാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളിൽ പ്രദർശന വസ്തുവാക്കി മാറ്റരുതെന്നാണ് പൊലീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.”വി.ഐ.പി പരിവേഷം ലഭിക്കുന്നതിന് വേണ്ടിയാണ് പൊലീസിനെ ആവശ്യപ്പെട്ടത്. പൊലീസിന് ഇത്തരക്കാർ വി.ഐ.പി ആകണമെന്നില്ല.ഇങ്ങനെ പലപ്പോഴും വി.ഐ.പി പരിവേഷം ഉണ്ടായിരുന്നവർ പിന്നീട് ആരോപണ വിധേയരാകുന്നതും ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത്.”സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

കണ്ണൂർ പാനൂലിലെ പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ വ്യക്തതിയുടെ മകളുടെ വിവാഹത്തിനാണ് നാല് പൊലീസുകാരെ വിട്ട് നൽകിയത്. ജൂലൈ 31 നടന്ന നടന്ന കല്യാണത്തിന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസുകാരെ വിട്ട് നൽകിയത്. ഒരു പൊലീസുകാരന് 1400 രൂപ പ്രകാരം 5600 രൂപ അടച്ചാണ് പൊലീസുകാരെ വാടകയ്‌ക്കെടുത്തത്.

ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്നതിനും, ഉത്സവം- സമ്മേളനം തുടങ്ങി നിരവധി പേർ ചേരുന്ന ചടങ്ങുകള്‍ക്ക് പൊലീസിന്‍റെ സേവനം വിട്ട് നൽകുമ്പോള്‍ സംഘാടകരിൽ നിന്നും പണമീടാക്കണമെന്ന് ഡിജിപിയുടെ സർക്കുവലറുണ്ട്. ഈ സർക്കുലർ മറയാക്കിയാണ് ഒരു വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങിന് പൊലീസുകാരെ വിട്ട് നൽകി അഡീഷണൽ എസ് പി പി പി സദാനന്ദൻ ഉത്തരവിറക്കിയത്. പൊലീസ് ആക്ടിന് വിരുദ്ധമായ തീരുമാനിത്തിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി പൊലീസ് ഓഫീസ് അസോസിയേഷൻ ഫേസ്ബുക്കിൽ വിർശിച്ചുകൊണ്ട് പോസ്റ്റിട്ടത്. 

ചില വ്യക്തികളുടെ ആഢംബരം തെളിയിക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യരുതെന്ന് സി ആർ ബിജു വിമർശിച്ചു. ആഢംബര വിവാഹത്തിനോ കുഞ്ഞിന്‍റെ നൂലുകെട്ടിനോ ഉപയോഗിക്കണ്ടവല്ല പൊലീസെന്നും ചട്ടവിരുദ്ധമായ ഈ ഉത്തരവ് ചില അൽപ്പൻമാർ ഇനിയും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കണ്ണൂർ പൊലീസിന്‍റെ നടപടി വിവാദമായ സാഹചര്യത്തിൽ പൊലീസ് സേവനങ്ങള്‍ക്ക് പണനടക്കണമെന്ന സർക്കുലറിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കും. അതേസമയം, പൊലീസുകാരെ സ്വകാര്യ ചടങ്ങിന് വിട്ടുകൊടുത്ത ഉത്തരവിനെ കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് മാത്രമാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആ‍ർ ഇളങ്കോ പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week