FeaturedKeralaNewsNews

ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞുതന്നെ,മത്സരിയ്ക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ ശോഭ അറിയിച്ചതായാണ് വിവരം. പിഎസ്‍സി സമരപന്തലില്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ശോഭ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസ സമരം ഇന്നലെ തുടങ്ങിയിരുന്നു.

സംസ്ഥാന നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശോഭ സ്വന്തം നിലയ്ക്കാണ് സമരത്തിനറങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടാണ് സമരത്തിന് ഇറങ്ങയിതെന്നും പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു. സ്ത്രീകൾക്ക് മത്സര രംഗത്ത് വരണം എന്നവശ്യപ്പെട്ട ആളാണ് താൻ. താന്‍ പിന്മാറുന്നത് കൂടുതല്‍ സ്ത്രീകള്‍ മത്സര രംഗത്ത് വരാനാണെന്നും ശോഭ പറഞ്ഞു.

കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വലിഞ്ഞു നിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും കളത്തിലിറങ്ങിയത്.സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ പിന്തുണച്ച് ഒറ്റയ്ക്ക് ഉപവാസ സമരവുമായി ശോഭ സുരേന്ദ്രന്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവറിയിച്ചത്. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു 10 മാസത്തോളമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗമായ ശോഭ അപ്രതീക്ഷിതമായാണു സമരപ്പന്തലുകളിലേക്കെത്തി പിന്തുണ സമരം പ്രഖ്യാപിച്ചത്.

മഹിളാ മോര്‍ച്ച ഭാരവാഹികളടക്കം പാര്‍ട്ടിയിലെ മറ്റു പ്രമുഖരാരും ഇല്ലാതെയാണു ശോഭ വന്നത്. ഏതാനും മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരപ്പന്തലിലെത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുള്ള പ്രസംഗത്തിനൊടുവിലാണു 48 മണിക്കൂര്‍ നിങ്ങള്‍ക്കു പിന്തുണയുമായി ഞാനും ഇവിടെയുണ്ടാവുമെന്നു പ്രഖ്യാപിച്ചത്. പിന്നീട് സമരവേദിയില്‍ ഇരുന്നു. ഇതിനിടെ ശോഭയുടെ ചിത്രവുമായി ഉപവാസ സമരത്തിന്റെ ബാനറുകള്‍ എത്തി. ഉച്ചയ്ക്കു ശേഷം സിപിഒ, എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവേദികള്‍ക്കു നടുവിലുള്ള സ്ഥലത്തേക്കു ശോഭ സമരം മാറ്റി. ഒപ്പം മഹിള മോര്‍ച്ചയുടെ മുന്‍ ഭാരവാഹികളായ 5 പേര്‍ മാത്രം.

പാര്‍ട്ടി പിന്തുണയോടെയാണോ സമരം എന്ന ചോദ്യത്തോട് ശോഭ ഇങ്ങനെ പ്രതികരിച്ചു: ”ശോഭ സുരേന്ദ്രന്‍ എന്നു പറഞ്ഞാല്‍ സ്വാഭാവികമായും ബിജെപിയാണല്ലോ. ന്യായമായ സമരം കാണുമ്പോള്‍ മാറി നില്‍ക്കാന്‍ സാധിക്കുന്നില്ല. കുറച്ചു സമയമെങ്കിലും ഇവിടെ വേണമെന്നു തോന്നി. ഈ വരവു സെന്‍സേഷനല്‍ ആക്കുന്നതും ആക്കാതിരിക്കുന്നതും മാധ്യമങ്ങളാണ്”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button