‘മുന്നണി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു’ -ശോഭയെ പുറത്താക്കി

പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയെന്ന് എല്‍ഡിഎഫ് നേതാവ് ടിഎന്‍ ശിവന്‍കുട്ടി. എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വോട്ടുചെയ്തത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭാ ചാര്‍ലിക്കായിരുന്നു. ബിജെപിയുടെ രണ്ടു വോട്ടുകള്‍ ഉള്‍പ്പെടെ ഏഴു വോട്ടുകളാണ് ശോഭയ്ക്ക് ലഭിച്ചത്.

പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണ നേടി വിജയിച്ചത് കൊണ്ട് രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിക്ക് ശോഭ തയ്യാറായില്ല. തുടര്‍ന്നാണ് നടപടിയെന്ന് ശിവന്‍കുട്ടി അറിയിച്ചു.കേരള കോണ്‍ഗ്രസ് എം അംഗമാണ് ശോഭ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് ശോഭാ ചാര്‍ളി ഇന്നലെ പറഞ്ഞിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇതുവരെ രാജിവച്ചിട്ടില്ലെന്നും അക്കാര്യം പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇവിടെ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റത് പരിശോധിച്ച് നപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി എന്നിവരുടെ വോട്ടുകള്‍ വേണ്ടെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരുന്നത്.

കോട്ടക്കല്‍, അവിണിശേരി, തിരുവണ്ടൂര്‍, പാങ്ങോട് പഞ്ചായത്തുകളില്‍ ഇത്തരം പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് വിജയിച്ചവര്‍ രാജിവെയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് റാന്നി പഞ്ചായത്തിലെ കക്ഷിനില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News