News

ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് നിരോധിക്കാന്‍ ധൈര്യമുണ്ടോ? ലക്ഷദ്വീപ് വിഷയത്തില്‍ ബി.ജെ.പിയോട് ശിവസേന

മുംബൈ: ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മേഖലയായ ഗോവയിലും ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്തുകൊണ്ടാണ് ഇത് നടപ്പാക്കാന്‍ താല്‍പ്പര്യം കാട്ടാത്തതെന്ന് ശിവസേന.

ലക്ഷദ്വീപില്‍ ഗോവധ നിരോധനം അടക്കമുള്ള പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധം അരങ്ങേറുമ്പോഴാണ് ശിവസേനയും രംഗത്ത് വന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും ശിവസേനാ എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.

അഡ്മിനിസ്ട്രേറ്റര്‍ ഒരു രാഷ്ട്രീയക്കാരാനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിഷേധമുണ്ടാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. തൊട്ടടുത്തുള്ള കേരളത്തില്‍ മാംസ നിരോധനമില്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇല്ല. ലക്ഷദ്വീപില്‍ മാത്രം നിരോധനം വരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉയരും.

നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ആകണം. വികസനത്തിന്റെ പേരില്‍ മറ്റു അജന്‍ഡകള്‍ നടപ്പാക്കുന്നതിനെണ് ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുന്നതെന്നും പറഞ്ഞു. ലക്ഷദ്വീപില്‍ സ്‌കൂള്‍ മെനുവില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റര്‍ ബീഫ് ഒഴിവാക്കിയിരുന്നു. പച്ചക്കറി കൃഷി ഇല്ലാത്ത ലക്ഷദ്വീപില്‍ മത്സ്യ മാംസ ആഹാരം നിഷേധിക്കാനാണ് നീക്കമെന്നാണ് ദ്വീപു നിവാസികള്‍ പറയുന്നത്.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പരിഷ്‌ക്കാരങ്ങളെ എതിര്‍ത്ത് കേരളാ നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കിയിരുന്നു. ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ഡ നടപ്പാക്കാനാണ് കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കപ്പെട്ട പ്രമേയത്തോടു ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെ അനുകൂലിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button