27.8 C
Kottayam
Friday, May 31, 2024

വൈദ്യപരിശോധന, നടപടികൾ പൂർത്തിയാക്കി; കോക്പിറ്റിൽ കയറിയ ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

Must read

ദുബൈ: വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. നേരത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയുടെ വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും പൂ‍ർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ബന്ധുക്കൾക്കൊപ്പമാണ് ദുബൈ വിമാനത്താവളത്തിൽ നിന്ന് ഷൈനിനെ വിട്ടയച്ചത്.

താന്‍ അഭിനയിച്ച ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ പ്രചരണത്തിന്‍റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ ഉണ്ടായതും. വിമാനത്താവളത്തിൽ നിന്ന് ഷൈനിനെ വിട്ടയച്ചെങ്കിലും അധികൃതരുടെ അടുത്ത നടപടി എന്താകും എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പിടിച്ചുവച്ചത്. എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമാണ് ഇത്. സംശയാസ്പദമായ പെരുമാറ്റമാണ് ഷൈനിന് വിനയായത്. സംഭവത്തെ തുടര്‍ന്ന് ഷൈനിനെ മാത്രം പിടിച്ചു നിർത്തിയ ശേഷം മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് വിട്ടിരുന്നു.

ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഭാരത സര്‍ക്കസ്. സോഹന്‍ സീനുലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഭാരത് സർക്കസ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. മുഹാദ് വെമ്പായം ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സുധീർ കരമന, എം എ നിഷാദ്, ജാഫർ ഇടുക്കി, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്‍ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡബിള്‍സ്, വന്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഭാരത് സർക്കസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week