കുറ്റം വിനായകന്റെത് മാത്രമാണോ; അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ സമാധാനം കൊടുക്കാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല ; പ്രതികരിച്ച് ഷൈൻ ടോം ചാക്കോ
കൊച്ചി:അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ വിനായകന്‍ അധിക്ഷേപിച്ച സംഭവം വലിയ ചർച്ചയായിരുന്നു . ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് . കുറ്റം വിനായകന്റെത് മാത്രമാണോ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ സമാധാനം കൊടുക്കാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ഷൈന്‍ പറയുന്നത്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ പ്രതികരിച്ചത്.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:
വിനായകന്റേത് 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. വിനായകന്‍ ആദ്യമായിട്ടല്ല പ്രസ്താവനകള്‍ നടത്തുന്നത്. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമപ്രവര്‍ത്തകരാണ്. ഇത് വെറും 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മന്‍ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? അവര്‍ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ?
അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കള്‍ അയാളുടെ പാര്‍ട്ടി, അയാളുടെചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ? ഉമ്മന്‍ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത് വെച്ചും ചോറുണ്ടു, 15 സെക്കന്‍ഡ് വീഡിയോ ചെയ്ത ഈ വ്യക്തിയെയും വെച്ച് ചോറുണ്ടു.
ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് ശരിയാണ് എന്നല്ല ഞാന്‍ പറഞ്ഞത്. ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്ത് കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്. ഈ വ്യക്തിക്ക് പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവന്‍ ഈ 15 സെക്കന്‍ഡ് മാത്രം വരുന്ന വീഡിയോയ് ചെയ്ത ആള്‍ക്കാണ്
ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണ് സൈ്വര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക് പോകുകയായിരുന്നു. എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല? വിനായകന്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. അത് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് മറ്റുള്ളവര്‍ ഉമ്മന്‍ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചര്‍ച്ച ചെയ്യുക.