24.9 C
Kottayam
Wednesday, May 15, 2024

ഷാരോണ്‍ കൊലക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് സംശയം; ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ട് പൊളിച്ച നിലയില്‍

Must read

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍. ക്രൈംബ്രാഞ്ച് സംഘം സീല്‍ ചെയ്ത കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീടിന്റെ പൂട്ടാണ് തകര്‍ത്തത്. വാതിലിന്റെ പൂട്ട് തകര്‍ത്തശേഷം അജ്ഞാതര്‍ വീടിനകത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്‌നാട് പോലീസും കേരള പോലീസും സംയുക്തമായി അന്വേഷണം നടത്തും.

ഷാരോണ്‍ കൊലക്കേസില്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്നാംപ്രതി ഗ്രീഷ്മയെ ഏഴുദിവസത്തേക്കും രണ്ട്, മൂന്ന് പ്രതികളായ സിന്ധു, നിര്‍മല്‍കുമാര്‍ എന്നിവരെ അഞ്ചുദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയുമായി രാമവര്‍മന്‍ചിറയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിലടക്കം ശനിയാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് പോലീസ് സീല്‍ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്.

കസ്റ്റഡിയില്‍ ലഭിച്ച മൂന്നുപ്രതികളെയും ആദ്യഘട്ടത്തില്‍ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന. റൂറല്‍ എസ്.പി. ഓഫീസിലായിരിക്കും ചോദ്യംചെയ്യല്‍. നേരത്തെ കുറ്റസമ്മതം നടത്തിയ ദിവസം മാത്രമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഗ്രീഷ്മയെ ചോദ്യംചെയ്യാനായത്. ഇതിനുപിന്നാലെ അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം നടത്തിയതോടെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരുമായി പോലീസ് സംഘം നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണിന് കഷായത്തില്‍ കലര്‍ത്തി നല്‍കിയ കളനാശിനിയുടെ കുപ്പിയും ഇതിന്റെ ലേബലും തെളിവെടുപ്പില്‍ കണ്ടെടുത്തു. എന്നാല്‍ ഗ്രീഷ്മ ഇല്ലാത്തതിനാല്‍ വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തിയിരുന്നില്ല. തുടര്‍ന്ന് വീട് സീല്‍ ചെയ്ത് ക്രൈംബ്രാഞ്ച് സംഘം മടങ്ങുകയായിരുന്നു.

പ്രതികള്‍ക്കായി കോടതിയില്‍ ജാമ്യാപേക്ഷ…

ഷാരോണ്‍ കൊലക്കേസിലെ മൂന്ന് പ്രതികള്‍ക്കുമായി കഴിഞ്ഞദിവസം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റഡി അപേക്ഷ ലഭിച്ചതിനാലും അന്വേഷണം പുരോഗമിക്കുന്നതിനാലും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധുവിനും നിര്‍മല്‍കുമാറിനും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നായിരുന്നു ജാമ്യഹര്‍ജിയിലെ വാദം. തെളിവുകളില്ലാത്ത കേസില്‍ ഗ്രീഷ്മയെ പ്രതിയാക്കി മാനസികമായി പീഡിപ്പിക്കുകയാണെന്നും സംഭവത്തില്‍ പാറശ്ശാല പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് വീണ്ടും നിയമോപദേശം തേടും. പോലീസ് മേധാവിയാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.

കഴിഞ്ഞ ദിവസം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ അനുയോജ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍, കേരള പോലീസ് അന്വേഷിക്കന്നതിനു നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം കോടതിയില്‍ പ്രതിഭാഗം ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതേത്തുടര്‍ന്നാണ് വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് മെഡിക്കല്‍ കോളേജില്‍വച്ചാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പാറശ്ശാല പോലീസ് സ്റ്റേഷനിലാണ്. ഇത് പ്രതിഭാഗം ചോദ്യംചെയ്താല്‍ വിചാരണയെ ബാധിക്കാമെന്നാണ് ആശങ്ക. ഷാരോണിന്റെ ബന്ധുക്കളുടെ ആവശ്യം കേസ് കേരള പോലീസ് തന്നെ അന്വേഷിക്കണമെന്നാണ്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുെമന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയിരുന്നു. കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കന്യാകുമാരി എസ്.പി. ഹരികിരണ്‍ പ്രസാദ് പറഞ്ഞു. അതിര്‍ത്തിയിലെ പോലീസുദ്യോഗസ്ഥര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്. കേസ് കൈമാറണമെങ്കില്‍ പോലീസ് മേധാവികളാണ് ഇടപെടേണ്ടതെന്നും എസ്.പി. പറഞ്ഞു. തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ പാറശ്ശാലയിലും രാമവര്‍മ്മന്‍ചിറയിലും എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week