മുംബൈ: എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. മേയ് രണ്ടിനാണ് പവാര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനം നടത്തിയത്. 1999-ല്‍ പാര്‍ട്ടി സ്ഥാപിച്ചതു മുതല്‍ പവാര്‍ ആയിരുന്നു അധ്യക്ഷസ്ഥാനത്ത്.
എന്‍.സി.പിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രൂപവത്കരിച്ച പാര്‍ട്ടി കമ്മിറ്റി വെള്ളിയാഴ്ച പവാറിന്റെ രാജി നിരാകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ എന്‍.സി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിറ്റിയുടെ ഏകകണ്ഠമായ ഈ നടപടി. ഇതിന് പിന്നാലെയാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി പവാര്‍ അറിയിച്ചത്.
എന്റെ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും ജനങ്ങളും അസ്വസ്ഥരായി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉപദേശകര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നെ പിന്തുണയ്ക്കുന്നവരും മഹാരാഷ്ട്രയില്‍നിന്നും രാജ്യത്തിന്റെ മറ്റിടങ്ങളില്‍നിന്നുമുള്ള രാഷ്ട്രീയക്കാരും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഈ അഭ്യര്‍ഥനകള്‍ പരിഗണിച്ച് എന്‍.സി.പി. ദേശീയ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കുകയാണ്, ശരദ് പവാര്‍ പറഞ്ഞു.