കൂടുതല്‍ പ്രതിഫലം നല്‍കണം; ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കില്ലെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ്ങില്‍ വീണ്ടും പ്രതിസന്ധി. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന് ഷെയ്ന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്നുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനിടെയായിരുന്നു ഡബ്ബിംഗില്‍ നിന്നും താരം വിട്ടു നില്‍ക്കുന്നത്. അതേസമയം മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 19ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

പ്രതിഫലത്തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News