ഷംന കാസിം അമ്മയായി
ദുബൈ:മലയാളികളുടെ പ്രിയ താരം ഷംന കാസിം അമ്മയായി. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്. കഴിഞ്ഞ ദിവസം ദുബായിലെ ആശുപത്രിയിൽ ഷംനയെ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ താരം കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 31ന് ആയിരുന്നു താൻ അമ്മയാകാൻ പോകുന്ന വിവരം ഷംന അറിയിച്ചത്.
ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിൽ വീഡിയോ വന്നു. പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഷംന തന്നെ രംഗത്ത് എത്തി. വിവാഹത്തിന് മുന്‍പ് തന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ന് ആണെന്നാണ് ഷംന പറഞ്ഞത്.
“നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്.
ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം”എന്നും ഷംന പറഞ്ഞിരുന്നു.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം.