ലക്നൗ:ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോലീസ് സുരക്ഷയോടെ വൈദ്യപരിശോധനയ്ക്ക് പോകുന്നതിനിടെ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പൊലീസിന്റെ കൺമുന്നിൽ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത് വലിയ ഞെട്ടലാണ് രാജ്യത്ത് സൃഷ്ടിച്ചത്.ഉത്തര്‍പ്രദേശില്‍ അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് കൊഴുക്കുന്നത്.
ഭവ വികാസങ്ങള്‍ക്ക് പിന്നാലെ ശ്രദ്ധാകേന്ദ്രമായി അതീഖിന്റെ ഭാര്യയും കുപ്രസിദ്ധ കുറ്റവാളിയുമായ ഷായിസ്ത പർവീൺ. ഉത്തർപ്രദേശ് പൊലീസിന്റെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള, കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് അമ്പതു വയസ്സുകാരിയായ ഷായിസ്ത പർവീൺ.
വെറും രണ്ടു ദിവസത്തെ ഇടവേളയിലാണ് ഷായിസ്തയ്ക്ക് മകൻ ആസാദിനെയും പിന്നാലെ ഭർത്താവ് അതീഖ് അഹമ്മദിനെയും നഷ്ടമായത്. അതീഖിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഷായിസ്ത കീഴടങ്ങുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, അവർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അതീഖ് അഹമ്മദിന്റെ വധത്തിനു പിന്നാലെ, ഷായിസ്തയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ്.
1996ലാണ് അതീഖ് അഹമ്മദ് ഷായിസ്ത പർവീണിനെ വിവാഹം ചെയ്യുന്നത്. പൊലീസുകാരനായിരുന്നു ഷായിസ്തയുടെ പിതാവ്. ക്രിമിനൽ പശ്ചാത്തലമുള്ള അതീഖിന്റെ സാഹചര്യങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമായിരുന്നു ഷായിസ്തയുടേത്. 12–ാം ക്ലാസ് വരെ പഠിച്ച ഷായിസ്തയ്ക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമുണ്ടായിരുന്നില്ല. വിവാഹത്തിനു ശേഷവും വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു ഷായിസ്തയുടേത്.
എന്നാൽ, ക്രമേണ ഷായിസ്തയും ഭർത്താവിന്റെ ക്രിമിനൽ പശ്ചാത്തലത്തിന്റെ ഭാഗമായി. വിവിധ കേസുകളിൽപ്പെട്ട് അതീഖ് അഹമ്മദ് ജയിലിലായപ്പോഴെല്ലാം ക്രിമിനൽ സംഘത്തെ നയിച്ചിരുന്നതും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതും ഷായിസ്തയായിരുന്നു. അതീഖ് അഹമ്മദിന്റെ ക്രിമിനൽ സംഘത്തിന്റെ തലതൊട്ടമ്മയായിട്ടാണ് ഷായിസ്ത അറിയപ്പെടുന്നത്.
അതീഖ് അഹമ്മദും ഷായിസ്തയും ചേർന്ന് തന്റെ ഭൂമി തട്ടിയെടുക്കാനായി മകൻ അലിയെ 25 ഷൂട്ടർമാരോടൊപ്പം തന്റെ അടുത്തേക്ക് അയച്ചതായി അതീഖിന്റെ ബന്ധു കൂടിയായ മുഹമ്മദ് ജിഷാൻ ആരോപിച്ചിരുന്നു. തന്റെ പേരിലുള്ള ഭൂമി ഷായിസ്തയുടെ പേരിലേക്കു മാറ്റണമെന്നും അതിനു പുറമെ അഞ്ച് കോടി രൂപ നൽകണമെന്നുമായിരുന്നു അവരുടെ ആവശ്യമെന്നായിരുന്നു വെളിപ്പെടുത്തൽ.
2009നുശേഷം ഷായിസ്തയുടെ പേരിൽ പ്രയാഗ‌്‌രാജിൽ നാലു കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം വഞ്ചനാക്കുറ്റത്തിനാണ്. ഒരു കേസ് കൊലപാതകത്തിനും. ആദ്യത്തെ മൂന്നു കേസുകൾ 2009ൽ കേണൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തതാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ പ്രതികളായ ഉമേഷ് പാൽ വധക്കേസാണ് ഷായിസ്തയുടെ പേരിലുള്ള കൊലക്കേസ്.
ഉമേഷ് പാൽ കൊലക്കേസിൽ ആരോപണ വിധേയരായവരിൽ പ്രധാനിയാണ് ഷായിസ്ത. ഉമേഷ് പാലിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിലും ഗൂഢാലോചനയിലും മുഖ്യ പങ്കാളിയാണ് ഷായിസ്തയെന്നാണ് പൊലീസിന്റെ ആരോപണം.
കഴിഞ്ഞമാസം 24നാണ് ഉമേഷ് പാലിനെയും സുരക്ഷയ്ക്കായുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും അക്രമികള്‍ വെടിവച്ചുകൊലപ്പെടുത്തിയത്. 2005ല്‍ ബിഎസ്പി എംഎല്‍എയായിരുന്ന രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഈ കേസിൽ ശിക്ഷിക്കപ്പെട്ടാണ് അതീഖ് അഹമ്മദും സഹോദരനും ജയിലിലായതും കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതും.
ഇടക്കാലത്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ച ഷായിസ്ത, രണ്ടു വർഷത്തിനിടെ പാർട്ടി മാറിയും വാർത്തകളിൽ ഇടംപിടിച്ചു. ഭർത്താവ് അതീഖ് അഹമ്മദ് സമാജ്‌വാദി പാർട്ടിയുടെ എംപി ആയിരുന്നെങ്കിലും, അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിലൂടെയായിരുന്നു ഷായിസ്തയുടെ രാഷ്ട്രീയപ്രവേശം. ഉവൈസിൽനിന്ന് നേരിട്ടാണ് ഷായിസ്ത പാർട്ടി അംഗത്വം സ്വീകരിച്ചതും.
പക്ഷേ, 2023ൽ അവർ മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയിൽ (ബിഎസ്പി) ചേർന്നു. സമാജ്‌വാദി പാർട്ടി തലവനുമായുള്ള കൂട്ടുകെട്ടിൽ ഭർത്താവ് അച്ചടക്കം പഠിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ഷായിസ്ത ബിഎസ്പിയിൽ അംഗത്വമെടുത്തത്. തന്റെ ഭർത്താവിന് ബിഎസ്പിയെ ഇഷ്ടമാണെന്നും മുൻപ് ബിഎസ്പി നേതാക്കളെ സഹായിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. മേയർ സ്ഥാനാർഥിയാകാൻ ലക്ഷ്യമിട്ടാണ് ഷായിസ്ത ബിഎസ്പിയിൽ ചേർന്നതെങ്കിലും, അവരെ സ്ഥാനാർഥിയാക്കാൻ മായാവതി വിസമ്മതിച്ചു.
അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും മരണത്തിനു പിന്നാലെ, ഷായിസ്ത പർവീൺ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയതെന്ന പേരിൽ ഒരു കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉമേഷ് പാൽ വധക്കേസിൽ അതീഖിനെയും സഹോദരനെയും പ്രതികളാക്കിയത് തെറ്റിദ്ധാരണ നിമിത്തമാണെന്നാണ് കത്തിലുള്ളത്.
ഉമേഷ് പാൽ വധക്കേസിനു പിന്നിലെ മുഖ്യ ആസൂത്രകൻ മന്ത്രി നന്ദഗോപാൽ ഗുപ്തയാണെന്ന ആരോപണവും കത്തിലുണ്ട്. ഫെബ്രുവരി 27ന് എഴുതിയതാണ് കത്ത്. ‘‘താങ്കൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ എന്റെ ഭർത്താവും ഭർതൃസഹോദരനും മക്കളും കൊല്ലപ്പെടും’ – ഷായിസ്ത കത്തിലെഴുതി.