CrimeKeralaNews

മലപ്പുറം കുനിയിൽ ഇരട്ടക്കൊലക്കേസ്: 12 പ്രതികൾക്കും ഇരട്ട ജീവപര്യന്തം

മലപ്പുറം:അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസില്‍ ഒന്നുമുതല്‍ 11 വരെയുള്ള പ്രതികളും 18-ാം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആകെ 22 പ്രതികളുള്ള കേസില്‍ ഒമ്പതുപ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഒരാളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

കുനിയില്‍ അന്‍വാര്‍ നഗര്‍ നടുപ്പാട്ടില്‍ വീട്ടില്‍ കുറുവങ്ങാടന്‍ മുക്താര്‍ (40), കോഴിശ്ശേരിക്കുന്നത്ത് റാഷിദ് (34), മുണ്ടശ്ശേരി വീട്ടില്‍ റഷീദ് (33), താഴത്തേയില്‍ കുന്നത്ത് ചോലയില്‍ ഉമ്മര്‍ (45), വിളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ് ഷരീഫ് (43), മഠത്തില്‍ കൂറുമാടന്‍ അബ്ദുല്‍ അലി (31). ഇരുമാംകുന്നത്ത് ഫസലുറഹ്‌മാന്‍ (31), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീന്‍ (30), വടക്കേച്ചാലി മധുരക്കുഴിയന്‍ മഹ്സൂം (38), വിളഞ്ഞോളത്ത് എടക്കണ്ടി സാനിഷ് (39), പിലാക്കല്‍ക്കണ്ടി ഷബീര്‍ (31), ആലുംകണ്ടി ഇരുമാംകടവത്ത് സഫറുല്ല (42) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കൊലക്കുറ്റമാണ് പന്ത്രണ്ടു പ്രതികള്‍ക്കെതിരേയും തെളിഞ്ഞത്. അന്യായമായി സംഘംചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് ലഹള നടത്തല്‍, തെളിവുനശിപ്പിക്കല്‍, കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കല്‍, പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കോടതി കണ്ടെത്തി. പതിനെട്ടാംപ്രതി ആലുംകണ്ടത്ത് ഇരുമാംകടവത്ത് സഫറുല്ലയ്‌ക്കെതിരേ കൊലക്കുറ്റത്തിനുപുറമെ ഗൂഢാലോചനക്കുറ്റവും തെളിഞ്ഞിരുന്നു.

2012 ജൂണ്‍ പത്തിനാണ് കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍കലാം (37), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ ആകെ 22 പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടെ 275 സാക്ഷിമൊഴികളും മൂവായിരത്തോളം രേഖകളും നൂറോളം തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.

ഒന്നാം പ്രതി കുറുവാടന്‍ മുഖ്താര്‍, 16-ാം പ്രതി ഷറഫുദ്ദീന്‍ എന്നിവരുടെ സഹോദരനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ കുറുവാടന്‍ അതിഖ് റഹ്‌മാന്‍ (35) കുനിയിലെ ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

ഈ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട സഹോദരന്മാര്‍. പ്രതികാരവും പൂര്‍വവൈരാഗ്യവുമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതികളിലധികവും മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker