കത്തോലിക്ക സഭ വീണ്ടും പ്രതിരോധത്തില്‍; ഫ്രാങ്കോ മുളക്കലിന് പിന്നാലെ ലൈംഗികാതിക്രമ കേസില്‍ കുടുങ്ങി മറ്റൊരു ബിഷപ്പ്
കോട്ടയം: കത്തോലിക്ക സഭയുടെ കഷ്ടകാലം വിട്ടുമാറുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗീകാതിക്രമ കേസിന്റെ ചൂടാറും മുമ്പേ സഭയിലെ മറ്റൊരു ബിഷപ്പിനെരിതെ ലൈംഗീകാതിക്രമവും അഴിമതി ആരോപണവും. മൈസൂര്‍ ബിഷപ്പ് കെ.എ വില്യമിനിനെതിരെയാണ് 37 പുരോഹിതന്മാര്‍ അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിഷപ്പ് വില്യമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുരോഹിതര്‍ മാര്‍പ്പാപ്പയ്ക്ക് പരാതി അയച്ചിട്ടുണ്ട്.
ബിഷപ്പ് വില്യമും മറ്റൊരു പുരോഹിതനും ചേര്‍ന്ന് തനിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് ഒരു യുവതി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തോലിക്സ് മൈസൂര്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ആരോപണങ്ങള്‍ അടങ്ങിയ വീഡിയോയും പോലീസിന് നല്‍കിയിട്ടുണ്ട്.
2017ല്‍ സഭയുടെ ഫാമിലി കമ്മീഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് വില്യമിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് യുവതിയുടെ ആരോപണം. മറ്റൊരു വൈദികനായ ലെസ്ലി മോറിസ് തന്നോട് ലൈംഗികമായി വഴങ്ങണമെന്നും അല്ലെങ്കില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് താന്‍ 2018ല്‍ രാജിവെക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പുതിയ ജോലി സ്ഥലത്തും തനിക്കെതിരെ ഭീഷണിയുമായി ബിഷപ്പിന്റെ ആളുകള്‍ ഉണ്ടെന്നും യുവതി പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ്, ഫണ്ട് വകമാറ്റല്‍ ആരോപണങ്ങളും വില്യമിനെതിരെയുണ്ട്. സഭയുടെ ഫണ്ട് ബിഷപ്പും കൂട്ടരും ചേര്‍ന്ന് വകമാറ്റി. സഭയുടെ സ്ഥാപനങ്ങളില്‍ നിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വന്‍തുക കോഴയായി വാങ്ങാറുണ്ട്. കാര്‍ വാങ്ങുയും പിന്നീട് മറ്റൊരു യുവതിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ബിനാമി പേരില്‍ നിരവധി സ്വത്തുവകകള്‍ സ്വന്തമാക്കിയെന്നും ഭാര്യയും മക്കളും ഉണ്ടെന്നും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമാണ് ബിഷപ്പ് വില്യമിനെതിരെ ഉയരുന്ന ആരോപണങ്ങള്‍. അതേ സമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് ബിഷപ്പ് വില്യം പറഞ്ഞു. ചിലരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ബിഷപ്പ് പറഞ്ഞു.