ചിത്ര ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫോണിലൂടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിന്നു; നിര്‍ണായക വിവരം ലഭിച്ചതായി പോലീസ്
ചെന്നൈ: ജനപ്രിയ സീരിയല്‍ നടി വി.ജെ ചിത്ര ജീവനൊടുക്കുന്നതിനു തൊട്ടു മുന്‍പ് ഫോണിലൂടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ്. എന്നാല്‍, ആരുമായാണു സംസാരിച്ചതെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിനെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പോലീസ് ചോദ്യം ചെയ്തു.
അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിനു കാരണമായി. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പോലീസിന്റെ നിഗമനം. നസ്രത്ത്‌പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സീരിയല്‍ ഷൂട്ടിങ്ങിനായി 4 ദിവസം മുന്‍പാണു ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സംഭവസമയം ഹേംനാഥും ഹോട്ടലിലുണ്ടായിരുന്നു. കുളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തിനെ തുടര്‍ന്നു ഡ്യുപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്നു നോക്കിയപ്പോഴാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.