കണ്ണൂരില്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു

കണ്ണൂര്‍: സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ ആളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം. കണ്ണൂരിലെ പിണറായിയിലെ പടന്നക്കരയിലെ പുഴയോര വിശ്രമ കേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ കോഴിക്കോട് കക്കോടി സ്വദേശി കൃഷ്ണദാസ് (54) ആണ് മരിച്ചത്.

പിണറായി പെരളശ്ശേരിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സംഘത്തിനൊപ്പമായിരുന്നു മരിച്ച കൃഷ്ണദാസും ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ഏഴ് പേരായിരുന്നു സംഘത്തില്‍. മടക്ക യാത്രയില്‍ ഉച്ച ഭക്ഷണത്തിനായാണ് പിണറായി പടന്നക്കരയിലെ പുഴയോര വിശ്രമ കേന്ദ്രത്തിലെത്തിയത്. കൂടെ വന്നവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഡ്രൈവറായ ഫൈസല്‍ സെല്‍ഫിയെടുക്കാനായി പുഴക്കരയിലേക്ക് പോകുകയായിരുന്നു.

മരപ്പലകയില്‍ തീര്‍ത്ത തടയണയ്ക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ പലക ഇളകി പുഴയില്‍ വീഴുകയായിരുന്നു. ഫൈസലിനെ രക്ഷിക്കാനാണ് കൃഷ്ണദാസ് പുഴയിലേക്ക് ചാടിയത്. ശക്തിയായ ഒഴുക്കുള്ളതിനാല്‍ കൃഷ്ണദാസും ഒഴുക്കില്‍പ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാക്കളാണ് ഇരുവരെയും കരക്കെത്തിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കൃഷ്ണദാസ് മരിച്ചു. ഫൈസല്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News