News

അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ; 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടി

മുംബൈ: അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴയിട്ട് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് 20വര്‍ഷത്തിനുശേഷമാണ് കുടുംബത്തിന് പിഴയിട്ടിരിക്കുന്നത്.

2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബി നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെടുന്നവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം.

അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15ശതമാനം മുതല്‍ 55ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചുശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള ഏറ്റെടുക്കലുകള്‍ക്ക് ഓപ്പണ്‍ ഓഫര്‍ വേണമായിരുന്നു. ഇക്കാര്യത്തിലാണ് നിയമലംഘനമുണ്ടായത്. ശേഷം നിയമനടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു. നീണ്ട 20 വര്‍ഷത്തിന് ശേഷമാണ് പിഴ ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button