29.5 C
Kottayam
Monday, May 6, 2024

സംസ്ഥാനത്ത് അൻപത് ശതമാനം വീതം വിദ്യാർത്ഥികളുമായി ജനുവരിയിൽ ക്ലാസ് തുടങ്ങിയേക്കും, തീരുമാനം ഉടൻ

Must read

തിരുവനന്തപുരം: അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകൾ തുടങ്ങാൻ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

സ്കൂൾ എപ്പോൾ തുറക്കും, എപ്പോഴാകും പരീക്ഷ എന്നതാണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഇപ്പോഴത്തെ പ്രധാന ആകാംക്ഷ. ആറുമാസമായി സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ അധ്യയനത്തിനാണ് വിദ്യാഭ്യാസവകുപ്പിനറെ ശ്രമം.

അതിന് മുന്നോടിയായാണ് അൻപത് ശതമാനം അധ്യാപകർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ 17 മുതൽ സ്കൂളിലെത്താനുള്ള നിർദ്ദേശം. അധ്യാപകരെത്തും പോലെ അൻപത് ശതമാനം വിദ്യാർത്ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിർദ്ദേശമാണ് സജീവമായി പരിഗണിക്കുന്നത്. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് സ്ഥിതിയും നോക്കും. ക്ലാസ് തുറക്കുമ്പോഴും പരീക്ഷാ നടത്തിപ്പിൽ ഇനിയും കൂടുതൽ വ്യക്തത വരാനുണ്ട്. മാർച്ചിൽ പരീക്ഷ നടത്തണമെങ്കിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ എടുത്ത ഓൺലൈൻ ക്ലാസുകളുടെ റിവിഷൻ തീർക്കണം. അതിന് ഇത്രയും കുറച്ച് സമയം മതിയോ എന്നത് പ്രശ്നമാണ്. സിലബസ്സ് കുറക്കണോ വേണ്ടയോ എന്നതിലും തീരുമാനമെടുക്കണം.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ചിൽ വരാനും സാധ്യതയുണ്ട്. മാത്രമല്ല സിബിഎസ്ഇ അടക്കമുള്ള പൊതുപരീക്ഷകളിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാകും പരീക്ഷയിലെ തീരുമാനം. പത്ത്, പന്ത്രണ്ട് ഒഴികെയുള്ള ക്ലാസുകളിൽ എല്ലാവരെയും ജയിപ്പിക്കുകയോ അല്ലെങ്കിൽ ഓൺലൈൻ വഴി തന്നെ ഏതെങ്കിലും തരത്തിൽ പരീക്ഷ നടത്തുകയോ പരിഗണിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week