തൃശൂര്‍: നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതിയ രണ്ടു നില സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടമാണ് പൊളിക്കുന്നത്.
രണ്ടുനില കെട്ടിടത്തിന്റെ രണ്ടാം നിലയാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്. ഏറ്റവും കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് രണ്ടാം നില വാര്‍ത്തിരിക്കുന്നത്. തൊട്ടാല്‍ ഇളകിപ്പോരുന്ന വിധമാണ് സിമന്റ്. 3.75 കോടി ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷമാണ് കെട്ടിടം നിര്‍മിച്ചത്.
പണി നടക്കുന്ന ഘട്ടത്തില്‍ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് നിര്‍മ്മാണ അപാകം കണ്ടെത്തിയത്. കെട്ടിടം പൊളിച്ചു നീക്കുന്നതോടെ, താന്‍ ചൂണ്ടിക്കാണിച്ച അപാ കതയും അഴിമതിയും ശരിയാണെന്നു തെളിഞ്ഞിരിയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.
നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചപ്പോള്‍, രാഷ്ട്രീയ പ്രേരിതവും തെരഞ്ഞെടുപ്പു കാലത്തെ ബാലിശ ആരോപണവും മാത്രമെന്നാണ് സിപിഎം പറഞ്ഞത്. മറ്റൊരു പാലാരിവട്ടം അഴിമതിയാണ് ചെമ്പൂച്ചിറയില്‍ ഉണ്ടായിട്ടുള്ളതെന്ന് നാഗേഷ് ആരോപിച്ചു.