അത് അവരുടെ ചിറകുകളാണ്, മുറിച്ച് കളയരുത്, പെണ്‍കുട്ടികള്‍ പറക്കട്ടെ; ഹിജാബ് വിഷയത്തില്‍ മിസ് യൂണിവേഴ്സ് ഹര്‍നാസിന്റെ വാക്കുകള്‍ വൈറല്‍
മുംബൈ: കര്‍ണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചതിന് പിന്നാലെ പ്രതികരിച്ച് മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഹര്‍നാസ് സന്ധു. സമൂഹം പെണ്‍കുട്ടികളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും എല്ലാ പെണ്‍കുട്ടികളും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കട്ടെ, അവരുടെ ചിറകരിയരുതെന്നുമാണ് ഹര്‍നാസ് സന്ധു വ്യക്തമാക്കിയത്.
മിസ് യൂണിവേഴ്സ് നേടിയതില്‍ ഹര്‍നാസിനെ അനുമോദിച്ച് കൊണ്ട് മുംബൈയില്‍ നടത്തിയ പരിപാടിക്കിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹര്‍നാസ് പ്രതികരിച്ചത്. ‘സത്യസന്ധമായി ചോദിച്ചാല്‍ എന്തിനാണ് നിങ്ങള്‍ എല്ലായ്പ്പോഴും പെണ്‍കുട്ടികളെ ലക്ഷ്യം വെക്കുന്നത്? ഇപ്പോള്‍ നിങ്ങള്‍ എന്നെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.
സമാനമായി ഹിജാബ് വിഷയത്തില്‍ പെണ്‍കുട്ടികളാണ് ഇരയാക്കപ്പെടുന്നത്. പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കട്ടെ. അവരുടെ ലക്ഷ്യ സ്ഥാനത്തെത്തട്ടെ. അത് അവരുടെ ചിറകുകളാണ്. അത് മുറിച്ച് കളയരുത്. നിങ്ങള്‍ക്ക് മുറിക്കണമെന്നാണെങ്കില്‍ സ്വന്തം ചിറകുകള്‍ മുറിക്കൂ,’-ഹര്‍നാസ് സന്ധു പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിധി ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ഹര്‍നാസിന്റെ നിലപാട് വീണ്ടും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 കാരിയായ ഹര്‍നാസ് കിരീടം ചൂടിയത്. വിശ്വ സുന്ദരിപ്പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹര്‍നാസ്.