കൊൽക്കത്ത:ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സവർക്കർ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാനിലെ സെല്ലുലാർ ജയിൽ സവർക്കർ ‘തീർഥസ്ഥാൻ’ (പുണ്യസ്ഥലം) ആക്കി മാറ്റിയെന്നും ഷാ പറഞ്ഞു. ആന്തമാൻ-നിക്കോബാർ ദ്വീപിലെ ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ആന്തമാനിലെത്തിയ അമിത് ഷാ, നാഷണൽ മെമ്മോറിയൽ സെല്ലുലാർ ജയിൽ സന്ദർശിച്ച ശേഷം രക്തസാക്ഷിസ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ചു. സവർക്കറെ പാർപ്പിച്ചിരുന്ന സെൽ സന്ദർശിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
സച്ചിൻ സന്യാലിനെയും അമിത് ഷാ അനുസ്മരിച്ചു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു സച്ചിനെന്ന് ഷാ പറഞ്ഞു. സച്ചിൻ സന്യാലിനെ പാർപ്പിച്ചിരുന്ന സെൽ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ചിത്രത്തിൽ മാലചാർത്തുകയും ചെയ്തു. എന്നെപ്പോലൊരാളെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികനിമിഷം ആയിരുന്നു അത്, ഷാ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പശ്ചിമ ബംഗാൾ നൽകിയ സംഭാവനകളെയും അമിത് ഷാ അനുസ്മരിച്ചു.
സവർക്കറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ പരാമർശം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്തമാനിലെ ജയിലിൽ കഴിയുമ്പോൾ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന് കഴിഞ്ഞദിവസം രാജ്നാഥ് സിങ് അവകാശപ്പെട്ടിരുന്നു. സവർക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി ബ്രിട്ടീഷ് സർക്കാരിനു കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.