26.8 C
Kottayam
Wednesday, May 8, 2024

യാത്രാവിലക്ക് നീക്കി അമേരിക്ക; രണ്ടു ഡോസും സ്വീകരിച്ച വിദേശികള്‍ക്ക് നവംബര്‍ എട്ടുമുതല്‍ പ്രവേശനം

Must read

വാഷിങ്ടൺ:കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് അമേരിക്ക. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാർക്ക് വ്യോമ-കര-നാവിക മാർഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. നവംബർ എട്ടുമുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാർച്ചിനു ശേഷം വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചൈന, ബ്രസീൽ തുടങ്ങി വിവിധയിടങ്ങളിൽനിന്നുള്ളവർക്കായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മെക്സിക്കോയിൽനിന്നും കാനഡയിൽനിന്നുള്ളവർക്കും വിലക്ക് ബാധകമായിരുന്നു. മാസങ്ങൾ നീണ്ട ഈ വിലക്ക് വ്യക്തിപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞമാസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ച് വിമാനയാത്രികർ, യാത്രയുടെ മൂന്നുദിവസം മുൻപ് കോവിഡ് പരിശോധന നടത്തണം. സമ്പർക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്പനികൾ ഏർപ്പെടുത്തേണ്ടതുമുണ്ട്.

രണ്ടു ഘട്ടമായാണ് കര അതിർത്തി തുറന്നു കൊടുക്കുകയെന്ന് ഈ ആഴ്ച ആദ്യം വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഒന്നാം ഘട്ടത്തിൽ, വിനോദസഞ്ചാരം പോലുള്ള അടിയന്തര സ്വഭാവമില്ലാത്ത സന്ദർശനങ്ങൾക്ക് എത്തുന്നവർ വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചിരിക്കണം. അടിയന്തര സ്വഭാവമുള്ള സന്ദർശനത്തിന് എത്തുന്നവർക്ക് ഈ നിബന്ധനയില്ല. സന്ദർശനത്തിന് അടിയന്തര സ്വഭാവമാണ് ഉള്ളതെങ്കിൽ, കഴിഞ്ഞ ഒന്നരവർഷമായി വാക്സിൻ സ്വീകരിക്കാത്തവർക്ക് ഉൾപ്പെടെ അനുമതി നൽകിവരുന്നുണ്ട്. രണ്ടാംഘട്ടം 2022 ജനുവരി ആദ്യം മുതൽ ആരംഭിക്കും. സന്ദർശനത്തിന്റെ സ്വഭാവം എന്തുതന്നെ ആണെങ്കിലും കരമാർഗം അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week