മാനുഷിക ദുരന്തം ഒഴിവാക്കണം,ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി
റിയാദ്:ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തിയത്. മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് വിഷയത്തില്‍ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്.
യു.എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയ്ക്ക് മേൽ ഇസ്രയേല്‍ ഏർപ്പെടുത്തിയ ഉപരോധവും പലസ്തീൻ പൗരൻമാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതിനെയും സൗദി നേരത്തെ എതിർത്തിരുന്നു.
ഗാസക്കെതിരെ വെള്ളം, വൈദ്യുതി, ഭക്ഷ്യസാധനങ്ങളിലടക്കം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്നായിരുന്നു സൗദി അറേബ്യ നേരത്തെ ആവശ്യപ്പെട്ടത്.ഫ്രഞ്ച്, ഇറാൻ, തുർക്കിയ പ്രസിഡൻറുമാരുമായി ഫോണിൽ സംസാരിച്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംഘർഷം അവസാനിപ്പിക്കേണ്ടതിെൻറയും മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരേണ്ടതിൻറെയും ആവശ്യകത ഊന്നിപ്പറഞ്ഞു.
ബുധനാഴ്ച രാത്രി ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവേൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കിരീടാവകാശി ഗാസയിലെ ഉപരോധം പിൻവലിക്കേണ്ടതിെൻറ അടിയന്തര ആവശ്യകതയിലാണ് ഊന്നിയത്. ഗാസയിലും പരിസരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സൈനികവ്യന്യാസത്തെ കേന്ദ്രീകരിച്ചായിരുന്നു അധികവും സംഭാഷണം.
നിരപരാധികൾക്ക് ജീവഹാനി വരുത്തുന്ന സൈനിക പ്രവർത്തനങ്ങൾ നിർത്താൻ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് കിരീടാവകാശി എടുത്തു പറഞ്ഞിരുന്നു. മേഖലയുടെ സ്ഥിരതക്കും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതക്ക് നിയമാനുസൃതമായ അവകാശങ്ങൾ യാഥാർഥ്യമാക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കുന്നതിൽ സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധമാണെന്നും കിരീടാവകാശി വ്യക്തമാക്കിയിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും അടിസ്ഥാന സൗകര്യങ്ങളും ഇല്ലതാക്കുന്ന ആക്രമണങ്ങൾ ഉൾപ്പെടെ, സാധാരണക്കാരെയും അവരുടെ ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളെയും ലക്ഷ്യം വയ്ക്കുന്ന ഏതൊരു നീക്കത്തെയും സൗദി തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണിപ്പോള്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് സൗദി രംഗത്തെത്തിയിരിക്കുന്നത്.