തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ പി സി സി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. തരൂർ കെ പി സി സിയിലെത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകരുടെ വലിയ നിര തന്നെ സ്വീകരണം നൽകി. താഴെ തട്ടിലെ പ്രവർത്തകർ ആണ് തരൂരിനെ ആവേശപൂർവ്വം സ്വീകരിച്ചത്. കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്.
സ്വീകരിക്കാൻ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവർത്തകർ ഉണ്ട്, അവരാണ് പാർട്ടിയുടെ ശക്തിയെന്നതും തരൂർ ഓർമ്മിപ്പിച്ചു. മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ്. മുതിർന്ന നേതാക്കളുടെ വോട്ടിന്‍റെ വില തന്നെ ആണ് പ്രവർത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂർ ചൂണ്ടികാട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിൽ വോട്ടുറപ്പിക്കാൻ തരൂർ എത്തുമ്പോഴാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ആദ്യം തരൂരിന് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻറെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ഹൈക്കമാൻഡ് ഇടപടെലാണ് പിന്നിലെന്ന് തരൂരിനെ അനുകൂലിക്കുന്നവർ കരുതുന്നു. എഐസിസിക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും പാര്‍ട്ടി ദേശീയ നേതൃത്വം ഖാർഗെക്കായി സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് വിലയിരുത്തൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ്റെ മാർഗ്ഗ നിർദ്ദേശം തെറ്റിച്ചുള്ള സുധാകരൻറെ പരസ്യനിലപാടിൽ തരൂരിന് അതൃപ്തിയുണ്ട്.
മാർഗ്ഗനിർദ്ദേശത്തിന് മുമ്പാണ് കെ.സുധാകരൻ പ്രസ്താവന ഇറക്കിയതെന്നാണ് കെപിസിസി മറുപടി. അങ്ങിനെ എങ്കിൽ മാർഗ്ഗ നിർദ്ദേശം വന്ന സാഹചര്യത്തിൽ സുധാകരൻ നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേ എന്ന് തരൂർ അനുകൂലികൾ ചോദിക്കുന്നു.
തരൂരിന് പിന്തുണക്കുന്ന സംസ്ഥാനത്തെ യുവനേതാക്കളും കെപിസിസി അധ്യക്ഷൻ്റെ നിലപാടിനോട് യോജിപ്പില്ല. അതേ സമയം സുധാകരൻ്റെ പരസ്യപിന്തുണ തരൂരിൻ്റെ കേരളത്തിലെ കണക്ക് കൂട്ടൽ തെറ്റിക്കുന്നുണ്ട്. തരൂരിന് കൂടുതൽ കൂടുതൽ യുവാക്കൾ പിന്തുണ പ്രഖ്യാപിച്ച് വരുമ്പോഴാണ് സംസ്ഥാനത്തെ പിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും ഖാർഗെക്കായി രംഗത്തിറങ്ങുന്നത്. മുതിർന്നവരെ മറികടന്നാൽ പണിയാകുമോ എന്നാണ്. തരൂരിന് വേണ്ടി പ്രചാരണം ശക്തമാക്കാൻ ഒരുങ്ങിയ യുവാക്കളുടെ ആശങ്ക.