27.8 C
Kottayam
Wednesday, May 29, 2024

‘എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല’ ശാരദക്കുട്ടി

Must read

പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ അമ്മ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ അമ്പരപ്പിച്ചു തുടങ്ങിയിട്ടില്ല ഇനിയുമെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും.’ഭര്‍ത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിര്‍ത്തിത്തരുമോ’ എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്. ‘എനിക്കു വയ്യാതായി, അവരാരും സമ്മതിച്ചിട്ടതു നടക്കില്ല’ എന്നാണത്രേ ആ 24 കാരി കരഞ്ഞുപറഞ്ഞത്. ഭര്‍ത്താവിന്റെ ഒപ്പു വേണം പ്രസവം നിര്‍ത്താന്‍.

എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ അമ്പരപ്പിച്ചു തുടങ്ങിയിട്ടില്ല ഇനിയും. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അവകാശബോധ്യങ്ങളുള്ള ഒരു സ്ത്രീയായതുകൊണ്ടു വേദനയോടെ പറയുകയാണ്, നമ്മള്‍ ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാകണം ടീച്ചര്‍.

മദ്യാപനവും അജ്ഞതയും ലഹരിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു പാടാണ് കേരളത്തിലും. മണ്ണുതിന്നുന്ന ഉണ്ണിയുടെ വായില്‍ ആ ‘അത്ഭുതങ്ങള്‍’ ആദ്യമെന്നതു പോലെ കണ്ട് ഇന്ന് ഞെട്ടി നാളെ പെട്ടെന്ന് നാം തിരിഞ്ഞു നടക്കും. നാലു പെട്ടി ലാക്ടജനല്ല പരിഹാരം. വലിയ വിഷയങ്ങളാണതെല്ലാം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികളാവിഷ്‌കരിക്കണം. ഭരണത്തില്‍ മാറി മാറി സുഖിച്ച മുഖ്യധാരാ കക്ഷികളും വലിയ സദാചാരം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയ കക്ഷികളുമെല്ലാം ഒരേ പോലെ ഉത്തരവാദികളാണ്. കുറ്റവാളികളുമാണ്.

കവികള്‍ ധര്‍മ്മശാസ്ത്രക്കുറിമാനങ്ങള്‍ തെല്ലിട നിര്‍ത്തുക.മാതൃമാഹാത്മ്യം ഒത്തിരിയൊന്നും കവിതയിലാക്കണ്ട. പത്രങ്ങള്‍ കണ്ണീരും മുലപ്പാലും ചേര്‍ത്ത് വാര്‍ത്തകള്‍ ചാലിക്കയുമരുത്. ക്രൂരമാണതൊക്കെ.

 

https://www.facebook.com/saradakutty.madhukumar/posts/2901836939829546

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week