സഞ്ജു ഇന്ത്യന്‍ ടീമില്‍; അഴിച്ചുപണിയുമായി ബി.സി.സി.ഐ
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബി.സി.സി.ഐയുടെ അഴിച്ചുപണി. അടിയന്തര യോഗം ചേര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി മാറ്റങ്ങള്‍ വരുത്തിയത്. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ മാത്രം ഇടമുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
പരിക്ക് ഭേദമായ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഏകദിന, ട്വന്റി20 പരമ്പരകളില്‍ നിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് അവസാന മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് കോഹ്ലിയെ ഒഴിവാക്കിയത്.
പരിക്കുണ്ടായിട്ടും ടീമില്‍ ഉള്‍പ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ടി20 ടീമില്‍നിന്ന് ഒഴിവാക്കി. രോഹിത് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ പരിക്ക് സംബന്ധിച്ച വിവാദങ്ങളാണ് ടീമില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. പരിക്കു ഭേദമായാല്‍ ഇഷാന്ത് ശര്‍മയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.