CricketKeralaNewsSports

സഞ്ജുവിനെ ടീം ഇന്ത്യ വീണ്ടും തഴയും,സൂചന പുറത്ത്

മുംബൈ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ട്വന്‍റി 20 ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളെ അണിനിരത്താനാണ് സാധ്യത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജു സാംസണ്‍ ടി20 ടീമിലേക്ക് വിന്‍ഡീസ് പരമ്പരയിലൂടെ തിരിച്ചെത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ടീമിനെ അണിനിരത്തിയാല്‍ സഞ്ജു സാംസണ്‍ തഴയപ്പെടാനും സാധ്യതയുണ്ട്.  

ഐപിഎല്‍ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് ഓപ്പണര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറായ ഗില്‍ ഐപിഎല്‍ 16-ാം സീസണില്‍ 890 റണ്‍സുമായി റണ്‍വേട്ടക്കാരനായപ്പോള്‍ റോയല്‍സിന്‍റെ ജയ്‌സ്വാള്‍ 625 ഉം സിഎസ്‌കെയുടെ റുതുരാജ് 590 ഉം റണ്‍സ് അടിച്ചുകൂട്ടി.

മധ്യനിരയില്‍ ഇന്ത്യയുടെ ഭാവി വാഗ്‌ദാനായി വിലയിരുത്തപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് സെന്‍സേഷന്‍ തിലക് വര്‍മ്മയ്‌ക്ക് പുറമെ കെകെആറിന്‍റെ റിങ്കു സിംഗും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ശിവം ദുബെയും സ്ഥാനത്തിനായി മത്സരിക്കുന്നു. മൂവരും സിക്‌സ് ഹിറ്റിംഗ് മെഷീനുകളും ചുവടുറപ്പിച്ച് കളിക്കാന്‍ പോന്നവരുമാണ്. ഐപിഎല്ലില്‍ റിങ്കു 149 സ്ട്രൈക്ക് റേറ്റില്‍ 474 ഉം തിലക് 42 ശരാശരിയില്‍ 343 ഉം ദുബെ 158 പ്രഹരശേഷിയില്‍ നാനൂറിലധികം റണ്‍സും സ്വന്തമാക്കി. 

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണേക്കാള്‍ പരിഗണന ഇഷാന്‍ കിഷന് ലഭിക്കാനിടയുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാനാണ് ഫസ്റ്റ് ചോയിസ് കീപ്പര്‍ എങ്കില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഫിനിഷര്‍ ജിതേഷ് ശര്‍മ്മയാണ് ടീമില്‍ ഗ്ലൗ അണിയാന്‍ സാധ്യതയുള്ള മറ്റൊരു താരം.

ഐപിഎല്ലില്‍ ഇക്കുറി ഇഷാന്‍ 142 പ്രഹരശേഷിയില്‍ 454 ഉം ജിതേഷ് 156 സ്ട്രൈക്ക് റേറ്റില്‍ 309 ഉം റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും വിന്‍ഡീസ് പര്യടനത്തില്‍ ക്യാപ്റ്റന്‍ എന്നുറപ്പാണ്. 2023ല്‍ രാജ്യാന്തര ടി20യില്‍ മൂന്ന് മത്സരങ്ങളില്‍ 117 റണ്‍സും മൂന്ന് വിക്കറ്റും നേടിയ അക്‌സര്‍ പട്ടേലാണ് ടീമിലെത്തുന്ന മറ്റൊരു ഓള്‍റൗണ്ടര്‍.

ഇതോടെയാണ് സഞ്ജു സാംസണിന്‍റെ വഴി അടയാന്‍ സാധ്യത. എന്തായാലും ജൂണ്‍ 27ന് ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്ന് വ്യക്തമായി അറിയാം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button