സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ബാഗുകളുടെ പരിശോധന പൂര്‍ത്തിയായി. സ്‌പെഷ്യല്‍ ജഡ്ജിന്റെ സാന്നിധ്യത്തിലായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ കസ്റ്റംസ് വിട്ടുനല്‍കിയിട്ടില്ല. സിഡാക്കില്‍ ഫോണ്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് നല്‍കും. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്റെ ഫോണും അയക്കാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്ത് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം എം ശിവശങ്കറിന് ഉണ്ടെന്നത് വ്യക്തമാണ്. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോണ്‍ വിളികള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. ഫോണ്‍ പരിശോധനയിലൂടെ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

അറസ്റ്റിലായ ജലാലും റമീസും ചേര്‍ന്നാണ് കള്ളക്കടത്തിന് പണം മുടക്കാന്‍ ആളെ കണ്ടെത്തിയത്. സന്ദീപും റമീസുമാണ് നയതന്ത്ര ചാനലിലൂടെയുള്ള കളളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞ്, സ്വപ്നയേയും സരിത്തിനേയും ഇതിനായി സമീപിച്ചത്. കളളക്കടത്തിന് പണം മുടക്കാന്‍ തയാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. പണം മുടക്കുന്നവര്‍ക്ക് ലാഭ വിഹിതം വിതരണം ചെയ്തിരുന്നതും സ്വര്‍ണം വാങ്ങാന്‍ ആളെ കണ്ടെത്തിയിരുന്നതും ജലാല്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News