KeralaNews

നാലഞ്ചുമാസമായി വാട്‌സ്അപ്പ് ചാറ്റിംഗ് ക്ലിയര്‍ ചെയ്യാന്‍ എന്തോ മറന്നുപോയി, ദൈവ സഹായം മറവിയായും വരുമെന്ന് ബോദ്ധ്യമായ സന്ദര്‍ഭം കൂടിയാണിത്,മന്ത്രി കെ.ടി.ജലീല്‍ പറയുന്നു

തിരുവനന്തപുരം:സ്വപ്‌ന സുരേഷുമായി സംസാരിച്ചതിനെ കുറിച്ച് വീണ്ടും വിശദീകരണവുമായി ഉന്നതവിദ്യഭ്യാസമന്ത്രി കെ.ടി.ജലീല്‍ വീണ്ടും രംഗത്ത്‌.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായി പേഴ്‌സണല്‍ സ്റ്റാഫും താനും സംസാരിച്ചതില്‍ വീണ്ടും വിശദീകരണവുമായാണ് മന്ത്രി കെ.ടി. ജലീല്‍ തന്റെ കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. . യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയുമായി അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച കോളുകളുടെ ദൈര്‍ഘ്യം വെറും പതിനഞ്ച് മിനിറ്റില്‍ താഴെയാണെന്നാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആകേസമയം പതിനഞ്ചു മിനുട്ടില്‍ താഴെ

യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി തന്റെ ഫോണില്‍ നിന്ന് ഭക്ഷണക്കിറ്റുമായി ബന്ധപ്പെട്ട് സ്വമേധയാ വാട്‌സ്അപ്പ് സന്ദേശത്തിലൂടെ നിര്‍ദ്ദേശിച്ച പ്രകാരം അവരുടെ സെക്രട്ടറിയെ ഞാനങ്ങോട്ടും അവരെനിക്കിങ്ങോട്ടും വിളിച്ച ഫോണ്‍ കോളുകളുടെ സമയവും ദൈര്‍ഘ്യവും ഇന്നെല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാതൃഭൂമി വാര്‍ത്തയാണ് ഇമേജായി കൊടുത്തിരിക്കുന്നത്. എല്ലാംകൂടി പതിനഞ്ചു മിനുട്ടില്‍ താഴയേ ഉള്ളൂ ഞാന്‍ വിളിച്ച സമയം. ശരാശരി ഒരു കോള്‍ ദൈര്‍ഘ്യം ഒന്നര മിനുട്ടാണെന്നര്‍ത്ഥം. ഒരു വിദേശ രാജ്യത്തിന്റെ കേരളത്തിലെ പ്രതിനിധി പറഞ്ഞതനുസരിച്ച് തികച്ചും ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് അവരുടെ സെക്രട്ടറിയോട് സംസാരിച്ചതെന്നതിന് ഇതിലധികം മറ്റെന്തു തെളിവു വേണം

എല്ലാവരും യുഡിഎഫ് നേതാക്കളെപ്പോലെയും മന്ത്രിമാരെപ്പോലെയുമാണെന്ന് വിചാരിക്കരുത്. എന്റെ സ്റ്റാഫ് വിളിച്ചതും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടാണ്. കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായാണ് അവര്‍ ടെലഫോണില്‍ സംസാരിച്ചത്. ഇരുവരും കൂടി അഞ്ചോ ആറോ കോളുകള്‍ക്കായി എടുത്തത് എട്ടോ പത്തോ മിനുട്ടുകള്‍ മാത്രം. അതില്‍ ഗണ്‍മാന്‍ ചെയ്ത മൂന്ന് കോളുകളുടെ ശബ്ദരേഖ ഉണ്ട്താനും. സാധാരണ ഞാന്‍ മാസത്തിലൊരിക്കല്‍ വാട്‌സ്അപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ നാലഞ്ചുമാസമായി വാട്‌സ്അപ്പ് ചാറ്റിംഗ് ക്ലിയര്‍ ചെയ്യാന്‍ എന്തോ മറന്നുപോയി. ദൈവ സഹായം മറവിയായും വരുമെന്ന് ബോദ്ധ്യമായ സന്ദര്‍ഭം കൂടിയാണിത്. തല ഉയര്‍ത്തിപ്പറയുന്നു; ഏതന്വേഷണ ഏജന്‍സിക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ വരാം. എല്ലാ രേഖകളും എന്റെ കയ്യില്‍ ഭദ്രമായുണ്ട്.

യുഎഇ കോണ്‍സുലേറ്റ് 2019 ല്‍ തിരുവനന്തപുരത്ത് വിതരണം ചെയ്ത ഭക്ഷണക്കിറ്റുകളുടെ ഉല്‍ഘാടനം ഞാനായിരുന്നു നിര്‍വഹിച്ചത്. അതിന്റെ ചിത്രം കോണ്‍സുലേറ്റ് തന്നെ അവരുടെ സൈറ്റില്‍ അന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിലൊന്നാണ് ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്ത പല ഫോട്ടോകളില്‍ ഒന്ന്.

വില്ലേജ് അസിസ്റ്റന്റ് മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവരെയും മറ്റു സ്വകാര്യ വ്യക്തികളെയും മണ്ഡലത്തിലെ ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ തന്നെയാണ് നേരിട്ട് അധികവും വിളിക്കാറ്. ഒന്നും നീട്ടിവെക്കുന്ന ശീലമില്ല. കഴിയുന്ന സഹായം നിയമാനുസൃതമായി, നമ്മുടെ മുന്നില്‍ വരുന്നവര്‍ക്ക് ചെയ്ത് കൊടുക്കാന്‍ എപ്പോഴും ജാഗ്രത കാണിച്ചിട്ടുണ്ട്. ദേഹവും ദേഹിയും വേര്‍പിരിയുന്നത് വരെ അത് തുടരും. ഭയപ്പെട്ട് പിന്തിരിയുന്ന പ്രശ്‌നമേയില്ല”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker