തിരുവല്ല:സുപ്രിയയുടെ മനസിന്റെ നന്മയ്ക്ക് ജോയ് ആലൂക്കാസിന്റെ സ്നേഹസമ്മാനം. വീടില്ലാത്ത സുപ്രിയയ്ക്ക് വീട് നിർമ്മിച്ച് നല്‍കാനാണ് ജോയ് ആലൂക്കാസിന്റെ തീരുമാനം. തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ആരും സഹായിക്കാനില്ലാതെ നിന്ന വൃദ്ധനെ ബസ്സില്‍ കയറ്റി വിടുന്ന സുപ്രിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജോയ് ആലുക്കാസും കുടുംബവും നേരിട്ടെത്തി സുപ്രിയക്കായി ഒരു അനുമോദനച്ചടങ്ങും സംഘടിപ്പിച്ചിരുന്നു.
‘മനസ്സിലെ ഈ നന്മ ഒരിക്കലും കളയരുത്, ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകണമെന്ന ഉപദേശമാണ് ചടങ്ങില്‍ വെച്ച് ജോയി സാര്‍ തനിക്ക് നല്‍കിയതെന്നും സുപ്രിയ പറയുന്നു. ചടങ്ങില്‍ വച്ച് സുപ്രിയയ്ക്ക് ഒരു സമ്മാനം ഉണ്ടെന്നു ജോയി ആലൂക്കാസ് പറഞ്ഞെങ്കിലും അത് ഇത്ര വലിയ സര്‍പ്രൈസാണെന്നു കരുതിയില്ലെന്നു സുപ്രിയ സന്തോഷത്തോടെ പറയുന്നു. നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ കൈയടികളുടെ നടുവിലൂടെയായിരുന്നു കഴിഞ്ഞ ദിവസം സുപ്രിയയെ സ്വീകരിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെ സുപ്രിയയ്ക്ക് ഇപ്പോഴുംവലിയ അനുമോദനങ്ങളാണ് ലഭിക്കുന്നത്. മൂന്ന് വര്‍ഷമായി തിരുവല്ല ജോളി സില്‍ക്‌സില്‍ ജോലി ചെയ്യുകയാണ് സുപ്രിയ സുരേഷ്. ഭര്‍ത്താവ് അനൂപും രണ്ട് മക്കളും അടങ്ങുന്നതാണ് സുപ്രിയയുടെ കുടുംബം.