സിക്സ് പാക്ക് സാമന്ത,വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ വൈറൽ
ഹൈദരാബാദ്: സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് നടി സാമന്തയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍. നടിയുടെ ശാരീരിക ക്ഷമത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. ഇന്നാണ് വ്യായാമം ചെയ്യുന്നതിനിടെയുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ സാമന്ത പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയിൽ നടിയുടെ സിക്‌സ് പാക്കുകള്‍ വ്യക്തമാണ്. സാധാരണ രീതിയില്‍ നടന്മാരുടെ സിക്സ് പാക് ചിത്രങ്ങള്‍ വാര്‍ത്തയാകുന്ന സമയത്താണ് അവരെ വെല്ലുന്ന ഫിറ്റ്നസില്‍ സാമന്തയുടെ മാസ് ചിത്രം എത്തുന്നത്. ഈ ചിത്രം കണ്ടതോടെ ഇന്‍സ്റ്റയില്‍ സാമന്തയെ അഭിനന്ദിച്ചിരിക്കുകയാണ് നടിമാരായ രാകുൽ പ്രീത് സിങ്ങും ശ്രേയ ശരണും.
അതിനിടയില്‍ അടുത്തിടെ ഷൂട്ടിംഗിനിടയില്‍ സാമന്തയ്ക്ക് പരിക്കേറ്റിരുന്നു. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്‍ക്ക് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സാമന്തയുടേതായി ‘ശാകുന്തളം’ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.