ചെന്നൈ:തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് വിലപിടിപ്പുള്ള നായിക നടിയാണ് സമാന്ത. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന സമാന്തയെ തേടി ബോളിവുഡിൽ നിന്നുൾപ്പെടെ അവസരങ്ങൾ വരുന്നു. കരിയറിൽ തിളങ്ങുമ്പോഴും വ്യക്തി ജീവിതത്തിൽ സമാന്തയ്ക്കിത് പ്രതിസന്ധികളുടെ കാലമാണ്. വിവാഹ മോചനം, മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത് തുടങ്ങിയവയെല്ലാം സമാന്തയെ ബാധിച്ചു. എന്നാൽ വെല്ലുവിളികൾ അതിജീവിച്ച് നടി തന്റെ തന്റെ പഴയ ജീവിതം തിരിച്ച് പിടിക്കുകയാണ്.
മാസങ്ങൾ നീണ്ട മയോസിറ്റിസ് ചികിത്സ ഇപ്പോഴും അവസാനിച്ചിട്ടില്ല. എങ്കിലും നടിയുടെ ആരോഗ്യ സ്ഥിതിയിൽ മെച്ചപ്പെട്ടു. നിർത്തി വെച്ച ഷൂട്ടിംഗുകൾ പുനരാരംഭിച്ചിട്ടുണ്ട്, സിതാഡെൽ ആണ് സമാന്തയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സീരീസ്. ഫാമിലി മാനിന് ശേഷം സമാന്ത ചെയ്യുന്ന സീരീസായതിനാൽ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ഫാമിലി മാൻ രണ്ടാം സീസണിൽ സമാന്ത ചെയ്ത വേഷമാണ് നടിയുടെ കരിയർ ഗ്രാഫ് മാറ്റി മറിക്കാൻ കാരണമായത്.
2010 ൽ യെ മ ചെസവ എന്ന സിനിമയിലൂടെയാണ് സമാന്ത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് മുമ്പ് സമാന്ത നായികയായെത്തേണ്ടിയിരുന്ന സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശിവ നാഗേശ്വര. 2009 ൽ നിന്നു കലിസക എന്ന സിനിമയ്ക്ക് വേണ്ടി സമാന്തയെ ഓഡിഷൻ ചെയ്തിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. അന്ന് സമാന്ത ചെന്നെെയിലെ സ്റ്റെല്ല മേരിസ് കോളേജിൽ പഠിക്കുകയാണ്. ചെന്നെെയിൽ നിന്നും സമാന്തയെ ഓഡിഷന് ഹൈദരാബാദിലേക്ക് വിളിപ്പിച്ചു.
ഓഡിഷൻ ചെയ്ത് അന്ന് തന്നെ ചെന്നെെയിലേക്ക് തിരിച്ച് പോവണമെന്നായിരുന്നു സമാന്തയ്ക്ക്. എന്നാൽ ആ ദിവസം ഫ്ലെെറ്റ് ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിരുന്നു. ആ ദിവസം ഹൈദരാബാദിൽ തങ്ങി അടുത്ത ദിവസം പോവാമെന്ന് സമാന്തയോട് പറഞ്ഞു. എന്നാൽ തനിക്ക് അന്ന് തന്നെ തിരിച്ച് പോവണമെന്ന് പറഞ്ഞതോടെ നടിക്ക് ഫ്ലെെറ്റ് ബുക്ക് ചെയ്ത് പറഞ്ഞയച്ചെന്നും ശിവ നാഗേശ്വര ഓർത്തു.
ഈ സിനിമയിൽ നടി നായികയായി വന്നില്ല. ഇതിന് കാരണവും ഇദ്ദേഹം വ്യക്തമാക്കി. സമാന്ത മികച്ച ഓഡിഷനാണ് നൽകിയത്. പക്ഷെ ഉയർന്ന പ്രതിഫലമാണ് നടി ചോദിച്ചത്. അത് സിനിമയുടെ ബജറ്റിന് പുറത്തായിരുന്നു. അതിനാൽ സമാന്തയെ തെരഞ്ഞെടുത്തില്ല. പക്ഷെ നടിയുടെ പെർഫോമൻസ് കണ്ട് അനുഗ്രഹിച്ചിരുന്നെന്നും ഇദ്ദേഹം പറയുന്നു. നേരത്തെ സമാന്ത ഒരു മലയാള സിനിമയുടെ ഓഡിഷനിൽ നിന്നും പുറത്തായെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ദിലീപ് നായകനായ ക്രേസി ഗോപാലനിൽ സമാന്ത ഓഡിഷൻ ചെയ്തിരുന്നെന്നും എന്നാൽ സമാന്ത ഓഡിഷനിൽ പുറത്തായെന്നുമാണ് പുറത്ത് വന്ന വിവരം. സമാന്തയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇങ്ങനെ ഒരു സംഭവമുണ്ടായെന്ന് ദിലീപൊരു അഭിമുഖത്തിൽ പറയുകയും ചെയ്തു. എന്നാൽ ക്രേസി ഗോപാലനിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടത് താനോർക്കുന്നില്ലെന്നാണ് സമാന്ത പറഞ്ഞത്. അതേസമയം കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നിരവധി റിജക്ഷൻ വന്നിട്ടുണ്ടെന്ന് നടി കൂട്ടിച്ചേർക്കുകയും ചെയ്തു.
നിലവിലെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ ശേഷം ചികിത്സയ്ക്കായി ചെറിയൊരു ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് സമാന്ത.
പേശികളെ ബാധിക്കുന്ന ഈ അപൂർവ രോഗമാണ് മയോസിറ്റിസ്. ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയാണ് തുറന്ന് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇതേപറ്റി സംസാരിച്ചത്. രോഗം തിരിച്ചറിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ചികിത്സ നടത്തി വരികയാണെന്നുമായിരുന്നു സമാന്ത പറഞ്ഞത്. ആരോഗ്യ നില സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നതോടെയാണ് നടി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.