CricketKeralaNewsSports

‘രാഹുൽ ദ്രാവിഡ് സഞ്ജുവിനെ ഒരിക്കലും കൈവിടില്ല’പ്രതീക്ഷ പങ്കുവെച്ച് മനോജ് തിവാരി

ജയ്പൂര്‍:കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും, ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും ആയ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡുമായി സഞ്ജു വളരെ അടുത്ത വ്യക്തി ബന്ധമാണ് വെച്ചുപുലർത്തുന്നത് എന്നും, അതുകൊണ്ടുതന്നെ ദ്രാവിഡ് സഞ്ജുവിനെ കൈവിടില്ല എന്നുമാണ് മനോജ് തിവാരി പ്രതീക്ഷിക്കുന്നത്.

ഒരു പരിശീലകൻ എന്ന നിലയിൽ, യുവ താരങ്ങളിൽ ദ്രാവിഡ് വളരെയധികം പ്രതീക്ഷ വെക്കുന്ന കളിക്കാരനാണ് സഞ്ജു സാംസൺ എന്ന് പറഞ്ഞ മനോജ് തിവാരി, സഞ്ജുവിന് അവസരം നൽകാനായി ദ്രാവിഡ് ഒരു മികച്ച സന്ദർഭം കാത്തിരിക്കുകയാണ് എന്നും പറഞ്ഞു. അനുയോജ്യമായ ഒരു സന്ദർഭം വന്നുചേർന്നാൽ, സഞ്ജുവിന് തീർച്ചയായും ദേശീയ ടീമിൽ അവസരം ലഭിക്കും എന്ന് മനോജ് തിവാരി വിശ്വസിക്കുന്നു. ഇതിനായി സഞ്ജു അധികനാൾ കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്ന തിവാരി, കൃത്യമായ അവസരം ലഭിക്കുന്ന പക്ഷം സഞ്ജുവിന് ദേശീയ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കും എന്നും കരുതുന്നു.

സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുമായി വളരെയധികം സാമ്യമുള്ള കളിക്കാരനാണ് എന്നാണ് മനോജ് തിവാരി അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ, സഞ്ജുവിനെ ടീമിൽ കൊണ്ടുവന്ന് നിലനിർത്തേണ്ടത് ടീം മാനേജ്മെന്റിന്റെ ഉത്തരവാദിത്വം ആണെന്നും മുൻ ബംഗാൾ ക്യാപ്റ്റൻ അഭിപ്രായപ്പെടുന്നു.

പരിശീലകൻ രാഹുൽ ദ്രാവിഡ് സഞ്ജുവിനെ ഒരിക്കലും കൈവിടില്ല എന്ന് വിശ്വസിക്കുന്ന മനോജ് തിവാരി, ഐപിഎൽ 2023-ൽ സഞ്ജു മികച്ച പ്രകടനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

സഞ്ജു ഈ ഐപിഎൽ സീസണിൽ ഗംഭീര പ്രകടനം നടത്തേണ്ടതുണ്ട് എന്ന് പറഞ്ഞ മനോജ് തിവാരി, അങ്ങനെ സംഭവിക്കുന്ന പക്ഷം സഞ്ജുവിന് ദേശീയ ടീമിന്റെ വാതിൽ ഇനി മുട്ടേണ്ടി വരില്ല എന്നും, ആ വാതിൽ തകർത്ത് അകത്ത് കയറാൻ സാധിക്കും എന്നും കരുതുന്നു.

ഐപിഎല്ലിന് ശേഷം വെസ്റ്റ് ഇൻഡീസ്, അയർലണ്ട് പര്യടനങ്ങളാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ സഞ്ജുവിന് അവസരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചാൽ, ഏകദിന ലോകകപ്പിൽ സഞ്ജു ഉൾപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker