ശബരിമല ദര്‍ശനം നടത്തി നടി പാര്‍വ്വതി,പ്രായം തെരഞ്ഞ് സോഷ്യല്‍ മീഡിയ
പത്തനംതിട്ട:ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി പേർ എത്താറുണ്ട്. സെലിബ്രിറ്റകളടക്കം ഷൂട്ടിനിടയിലും വ്രതം നോറ്റ് എത്താറുണ്ട്. സ്ത്രീകൾക്ക് പ്രായവുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ ഉള്ളതിനാൽ കുട്ടിയായിരിക്കുമ്പോൾ അയ്യപ്പ ദർശനം സാധ്യമായില്ലെങ്കിൽ പിന്നെ വർഷങ്ങളോളം കാത്തിരുന്ന ശേഷമെ അത് സാധ്യമാകൂ.
ഇപ്പോഴിത നടിയും നടൻ ജയറാമിന്റെ ഭാര്യയുമായ പാർവതി വർഷങ്ങൾക്ക് ശേഷം അയ്യപ്പനെ ശബരിമലയിൽ എത്തി ദർശിച്ചിരിക്കുകയാണ്. ജയറാമിനൊപ്പമാണ് പാർവതി എത്തിയത്. അതിന്റെ ചിത്രങ്ങൾ ജയറാമും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടി നടി പാർവതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാടും നടത്തി.
ചെന്നൈ മഹാലിംഗം ക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കി കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണ് സന്നിധാനത്ത് ദർശനത്തിനെത്തിയത്. ചെറുപ്പത്തിൽ ശബരിമല ദർശനം നടത്താൻ കഴിയാതെ വന്നതിനാൽ 50 വയസ് കഴിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് പാർവതി ദർശനത്തിനായി വന്നത്. പമ്പയിൽ നിന്ന് നീലിമല വഴി നടന്നാണ് മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ട് തൊഴുതു.
പിന്നെയാണ് പുഷ്പാഭിഷേകം നടത്തിയത്. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു പാർവതി. ശബരിമലയിൽ ഇടയ്ക്കിടെ എത്താറുള്ളയാളാണ് നടൻ ജയറാം. ആദ്യമായാണ് ജയറാമും പാർവതിയും ഒന്നിച്ച് മല ചവിട്ടുന്നത്. എന്ത് തിരക്കിനിടയിലും അതിന് മുടക്കം വരാതിരിക്കാൻ ജയറാം ശ്രമിക്കാറുണ്ട്.
പാർവതി ശബരിമലയിൽ എത്തിയതിന്റെ ഫോട്ടോയും വീഡിയോയും വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ജയറാം പങ്കുവെച്ച ഫോട്ടോ വൈറലായപ്പോൾ പാർവതിയുടെ പ്രായമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പാർവതിക്ക് അറുപത് വയസ് കഴിഞ്ഞുവോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്.
അമ്പത്തിമൂന്ന് വയസ് പിന്നിട്ടുവെന്നാണ് നടിയുടെ വയസിനെ കുറിച്ച് സംശയം ഉയർന്നപ്പോൾ ചിലർ കുറിച്ചത്. അമ്പത് വയസ് കഴിഞ്ഞ് ആർത്തവം നിന്ന ഏത് സ്ത്രീക്കും ശബരിമലയിൽ പോകാമെന്നാണ് മറ്റൊരാൾ പാർവതിയെ അനുകൂലിച്ച് കമന്റ് ചെയ്തത്. കാശുള്ളത് കൊണ്ട് എന്തുമാകാം എന്ന തരത്തിലും ഫോട്ടോയ്ക്ക് കമന്റ് വന്നിട്ടുണ്ട്.
അവിടെ ഇങ്ങനെ തൊഴുകൈയ്യോടെ നിൽക്കുമ്പോഴും നിങ്ങൾക്ക് പബ്ലിസിറ്റി വേണേ ജയറാമേട്ടാ…..? പാർവ്വതി ചേച്ചി…? എന്നാണ് മറ്റൊരാൾ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ കുറ്റപ്പെടുത്തി കുറിച്ചത്. ശബരിമല വിഷു പൂജകൾ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. അത്താഴ പൂജയ്ക്കുശേഷം രാത്രി 10ന് മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. ദർശനത്തിനായി കഴിഞ്ഞ ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മണിക്കൂറുകൾ കാത്ത് നിന്നാണ് ഭക്തർ ദർശനം നടത്തിയത്. പതിനായിരങ്ങൾ പടിപൂജ കണ്ട് തൊഴുതു. ദീപാരാധനയ്ക്ക് ശേഷമായിരുന്നു പടിപൂജ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഓരോ പടിയിലും കുടികൊള്ളുന്ന മല ദൈവങ്ങൾക്ക് പൂജ കഴിച്ചു. പുഷ്പാഭിഷേകം കണ്ട് തൊഴാനും ഭക്തർ കാത്തുനിന്നു. കഴിഞ്ഞ ദിവസം കളഭാഭിഷേകവും ഉണ്ടായിരുന്നു.
വിവാഹത്തോടെയാണ് പാർവതി സിനിമാ ജീവിതം ഉപേക്ഷിച്ചത്. സോഷ്യൽമീഡിയയിൽ സജീവമായതിനാൽ പാർവതിയുടെ വിശേഷങ്ങൾ പ്രേക്ഷകർക്ക് അതുവഴി അറിയാൻ സാധിക്കും. മക്കളായ കാളിദാസ്, മാളവിക എന്നിവരുടെ പഠനവും ജീവിതവുമായി വീട്ടമ്മയുടെ തിരക്കിലായിരുന്നു പാർവതി അത്രയും നാൾ.
ഇടയ്ക്ക് നൃത്തത്തിലേക്ക് മടങ്ങിയെങ്കിലും പാർവതിയെ പിന്നീട് വെള്ളിത്തിരയിൽ കണ്ടില്ല. എന്നിരുന്നാലും പാർവതി സിനിമയിലേക്ക് മടങ്ങിവരണമെന്ന് ആരാധകർ പലപ്പോഴായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജയറാമിനോടും പാർവതിയോടും ഈ ചോദ്യം അവർ ചോദിക്കുകയും ചെയ്തിട്ടുണ്ട്.