ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാന്‍ വിവാഹിതനായി; പങ്കാളി ഒലിവർ മുൽഹെറിൻ
ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ വിവാഹിതനായി. സ്വവര്‍ഗാനുരാഗിയായ ഓള്‍ട്ട്മാന്‍ പങ്കാളിയായ ഒലിവര്‍ മുല്‍ഹെറിനെയാണ് വിവാഹം ചെയ്തത്. ഹവായില്‍ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാഹം നടന്ന വിവരം ഓള്‍ട്ട്മാന്‍ സ്ഥിരീകരിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ഒലിവര്‍ മുല്‍ഹെറിന്‍.
സാങ്കേതിക വിദ്യാരംഗത്തെ ശക്തമായൊരു സ്ഥാപനത്തിന്റെ മേധാവിയാണ് സാം ഓള്‍ട്ട്മാന്‍. അദ്ദേഹം സ്വവര്‍ഗാനുരാഗിയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സെപ്റ്റംബറില്‍ നടന്ന ഒരു അഭിമുഖത്തില്‍ തനിക്കും ഒലിവറിനും ഒരു കുഞ്ഞിനെ വളര്‍ത്താന്‍ താല്‍പര്യമുള്ളതായി ഓള്‍ട്ട്മാന്‍ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ എഐ മേധാവി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടതോടെ ഓള്‍ട്ട്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ അദ്ദേഹം കമ്പനിയിലേക്ക് തന്നെ തിരികെയെത്തി. ഓള്‍ട്ട്മാനെ പുറത്താക്കിയ ബോര്‍ഡ് അംഗങ്ങളെയെല്ലാം പുറത്താക്കിയാണ് ഓള്‍ട്ട്മാന്‍ തിരികെ എത്തിയത്.
ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതോടെയാണ് ഓപ്പണ്‍ എഐയും മേധാവിയായ ഓള്‍ട്ട്മാനും സാങ്കേതിക വിദ്യാ രംഗത്തെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ വമ്പന്‍ പദ്ധതികളാണ് ഓള്‍ട്ട്മാന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ എഐ ആസൂത്രണം ചെയ്തുവരുന്നത്.