അമ്മയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങില്‍ നടിമാര്‍ക്ക് ഇരിപ്പിടം ഇല്ല; ‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’; സൈജു ശ്രീധരന്‍
കൊച്ചി: താര സംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’ എന്നാണ് എഡിറ്റര്‍ സൈജു ശ്രീധരന്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതേ ഫോട്ടോ പങ്കുവെച്ച് ‘വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍.’ എന്നും സൈജു ശ്രീധരന്‍ കുറിച്ചു.
സംവിധായകന്‍ ആഷിഖ് അബുവിന്റെ സ്ഥിരം എഡിറ്റര്‍മാരില്‍ ഒരാളായ സൈജു ശ്രീധരന്‍ പപ്പായ മീഡിയ സംരംഭകരില്‍ ഒരാളാണ്. റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, മറഡോണ, കുമ്പളങ്ങി നൈറ്റ്സ്, വൈറസ് തുടങ്ങിയ ചിത്രങ്ങളാണ് സൈജു എഡിറ്റിംഗ് ചെയ്ത പ്രധാന ചിത്രങ്ങള്‍.
എറണാകുളം കലൂരാണ് അഞ്ച് നിലകളിലായി പുതിയ കെട്ടിടം അമ്മ നിര്‍മ്മിച്ചിരിക്കുന്നത്. മന്ദിരത്തിന്റെ ഉദ്ഘാടനം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. കൂടാതെ ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ധീഖ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു.