സംവിധായകൻ സച്ചി അന്തരിച്ചു

കൊച്ചി:ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകന്‍ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍, 48) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. രാമലീല, ചോക്ലേറ്റ് അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു

സേതുവിനൊപ്പം ചേര്‍ന്ന് സച്ചി-സേതു കൂട്ടുകെട്ടില്‍ ചോക്കലേറ്റ്,റോബിന്‍ഹുഡ്,മേക്കപ്പ് മാന്‍.സീനിയേഴ്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.

പൃഥിരാജ് ചിത്രമായ അനാര്‍ക്കലിയിലൂടെ സ്വതത്രസംവിധായകനായി.രണ്ടാമത് ചിത്രം അയ്യപ്പനും കോശിയും വന്‍വിജയമായി മാറിയിരുന്നു,റണ്‍ ബേബി റണ്‍,രാമലീല,ഷെര്‍ലക് ടോംസ്,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സച്ചിയുടേതായിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ സച്ചി തൃപ്പുണിത്തുറയിലാണ് താമസിച്ചിരുന്നത്.മാലിയങ്കര എസ്.എന്‍.എം കോളേജില്‍ കോമേഴ്‌സ് പഠനത്തിനുശേഷം എറണാകുളം ലോകോളേജില്‍ എല്‍.എല്‍.ബി പഠിച്ചു.തുടര്‍ന്ന് എട്ടുവര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതിന് ശേഷമാണ് സിനിമയിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News